ഗാസ സിറ്റി: ആക്രമണം കനപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍. ആശുപത്രികള്‍ക്ക് നേരെയും സമീപ പ്രദേശങ്ങളിലുമടക്കം ഇസ്രയേല്‍ ബോംബാക്രമണം നടത്തി.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ ഷിഫ, അല്‍ ഖുദ്സ്, ഇന്‍ഡോനേഷ്യന്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
ഇതിനിടെ ഇന്ധനലഭ്യത കുറഞ്ഞതോടെ ഗാസയിലെ അല്‍-ഷിഫ ആശുപത്രി യഥാര്‍ത്ഥ ദുരന്തം അഭിമുഖീകരിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ മുന്നറിയിപ്പ് നല്കി. 'വടക്കന്‍ ഗാസയിലെ അല്‍-ഷിഫ ആശുപത്രി 'യഥാര്‍ത്ഥ ദുരന്തത്തിന്റെ' വക്കിലാണ്,
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ധനം തീര്‍ന്നേക്കും. ഓരോ മിനിറ്റിലും പരിക്കുകളുമായി ആളുകള്‍ എത്തുകയാണ്. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറും', ആശുപത്രി ഡയറക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.
ഗാസയിലെ എല്ലാ ആശുപത്രികളിലും ഇന്ധനക്ഷാമം നേരിടുന്നുണ്ട്. സഹായങ്ങള്‍ക്കായി ഈജിപ്തില്‍ നിന്നുള്ള റാഫ അതിര്‍ത്തി തുറന്നിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള ഇന്ധനം ഇതുവരെ ലഭ്യമായിട്ടില്ല. വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററിലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇതിനിടെ, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചാത്യ രാജ്യങ്ങള്‍ പ്രസ്താവനയിറക്കി. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാധാരണ ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്ന് ഇസ്രയേലിനോട് ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍തന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രസ്താവനയില്‍ ഊന്നിപ്പറയുന്നു.
ഇതിനിടെ, റാഫ അതിര്‍ത്തിയിലൂടെ ഗാസയിലേക്കുള്ള രണ്ടാംഘട്ട സഹായ ട്രക്ക് വ്യൂഹം കടത്തി വിട്ടു. 14 ട്രക്കുകളാണ് കടത്തി വിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.