ദേവീ ഉപാസനയ്ക്ക് ഏറ്റവും പ്രധാനമാണ് നവരാത്രി മഹോത്സവം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ ദശമി വരെയുള്ള ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന പുണ്യദിനങ്ങളാണ് നവരാത്രി കാലമായി ആചരിക്കുന്നത്.
ഈ ദിവസങ്ങളിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
മറ്റൊരു രീതിയിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കൂശ്‍മാണ്ഡ, സ്‍കന്ദമാതാ, കാത്യായനീ, കാളരാത്രീ, മഹാഗൗരി, സിദ്ധിധാത്രി എന്നിങ്ങനെ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളേയും ആരാധിക്കുന്നു. നവരാത്രിയിലെ ഓരോ ദിവസവും ഓരോ സങ്കല്പമായും അല്ലെങ്കിൽ കാളി, ലക്ഷ്മി, സരസ്വതി എന്നീ മൂർത്തികളെ മാത്രമായും ആരാധിക്കാം.നവരാത്രി വ്രതം
ഈ വർഷം ഒക്ടോബർ 15 മുതലാണ് വ്രതം തുടങ്ങേണ്ടത്. അന്ന് മുതലുള്ള ഒൻപത് രാത്രികളാണ് നവരാത്രി. എങ്കിലും വിജയദശമി ദിവസമായ ഒക്ടോബർ 24-ാം തീയതി വരെ വ്രതമെടുക്കണം. ഒക്ടോബർ 22,23,24 തീയതികളാണ് ഏറ്റവും പ്രധാനം.
വ്രതചിട്ടകൾ
മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യ വ്രതമെടുത്ത് നിത്യം രണ്ടുനേരവും ദേവീക്ഷേത്രദർശനം നടത്തുക. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയാലും മതി. ഉച്ചയ്ക്ക് ഒരു നേരം ഊണും രാവിലെയും വൈകിട്ടും പഴവർഗ്ഗങ്ങളോ ഗോതമ്പുകൊണ്ടുള്ള ആഹാരമോ കഴിക്കാം.
മദ്യം, പുകവലി തുടങ്ങിവ ഒഴിവാക്കണം. എല്ലാദിവസവും പരമാവധി ദേവീപ്രാർത്ഥന നടത്തുക. മനസ്സും വാക്കും പ്രവർത്തിയും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കുക.വിദ്യാരംഭത്തിന് പ്രധാനം
ദേവിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സങ്കല്പങ്ങളാണ് കാളിയും ലക്ഷ്മിയും സരസ്വതിയും, ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനുമെല്ലാം എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന ഉഗ്രരൗദ്രശക്തിയാണ് കാളി. മഹാലക്ഷ്മി, ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു.
നമ്മുടെ വ്യക്തിത്വവികാസത്തിന് ഏറ്റവും പ്രധാനമായ വിദ്യ, വിനയം എന്നീ ഗുണങ്ങളുടെ അധിദേവതയാണ് സരസ്വതി. ശത്രുസംഹാരത്തെക്കാൾ, ധനസമൃദ്ധിയെക്കാൾ പ്രാധാന്യം വിദ്യ, വിനയം, സ്നേഹം, കരുണ, മനഃശാന്തി എന്നിവയ്ക്കാണ്.
തമോഗുണ പ്രധാനിയായ കാളിയെക്കാളും രജോഗുണ പ്രധാനിയായ ലക്ഷ്മിയെക്കാളും അധികമായി സത്വഗുണപ്രധാനിയായ സരസ്വതിയെ പൂർവ്വികർ ആദരിച്ചു. അതുകൊണ്ടു തന്നെ വിദ്യാദേവതയായ സരസ്വതി പ്രീതിക്കായി വിദ്യാരംഭം കുറിക്കുന്നതിന് സുപ്രധാനമായി വിജയദശമി ദിനത്തെ കണക്കാക്കുന്നു.
ശുഭമുഹൂർത്തമെടുത്ത് കുട്ടികളെ എപ്പോൾ വേണമെങ്കിലും എഴുത്തിനിരുത്താം. എല്ലാ ദിവസവും വിദ്യാരംഭം കുറിക്കാവുന്ന ക്ഷേത്രങ്ങളുണ്ട്. വിജയദശമി ഒരു വർഷത്തെ ഏറ്റവും നല്ല ദിവസമാണെന്നതിനാലാണ് കൂടുതൽ ആളുകളും കുട്ടികളുടെ വിദ്യാരംഭം വിജയദശമി ദിനത്തിൽ തന്നെ നടത്തുന്നത്.
നവരാത്രിയുടെ പ്രാധാന്യം
ശിവന് ശിവരാത്രി, ശ്രീകൃഷ്ണന് അഷ്ടമിരോഹിണി, ശ്രീരാമന് രാമനവമി, രാമായണ മാസം എന്നിവ പോലെ എല്ലാവിധ ദേവി ആരാധനകൾക്കും പ്രധാനമാണ് നവരാത്രി. പ്രത്യേകിച്ച് ത്രിദേവീപൂജയ്ക്ക് കുംഭഭരണി, മീന ഭരണി, തൃക്കാർത്തിക എന്നിവയും ദേവിയുടെ ആരാധനക്ക് പ്രധാനമാണ്.
എന്നാൽ എല്ലാ ദേവീ ശക്തികളെയും ഒന്നിച്ച് ആരാധിക്കുകയും ഏറ്റവും കൂടുതൽ ദേവീ സംബന്ധമായ താന്ത്രിക വിശേഷ കർമ്മങ്ങൾ നടക്കുന്നതുമായ മറ്റ് ദിവസങ്ങൾ നവരാത്രി പോലെ വേറെയില്ല. ഈ ദിവസങ്ങളിൽ ചെയ്യുന്ന എല്ലാ പൂജകളും അത്ഭുതശക്തിയും ഫലസിദ്ധിയും നൽകുന്നുവെന്നാണ് വിശ്വാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.