തിരുവനന്തപുരം :കാട്ടാക്കടയിൽ മകളെ ശല്യപ്പെടുത്തുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തില്‍ രാത്രി വീട്ടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മറ്റു രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തിൻകാല എസ് കെ സദനത്തിൽ ഗുണ്ട റാവു എന്ന കിച്ചുവിനാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഓഗസ്റ്റ് ഏഴ് മുതൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകിയത്.ഏക തൊണ്ടി മുതൽ പാമ്പിന്റെ വാൽക്കഷണം മാത്രമായതിനാലും പാമ്പ് വിഷമുള്ളതാണോ അല്ലാത്തതാണോയെന്ന ലാബ് റിപ്പോർട്ട് നാളിതുവരെ ലഭ്യമായില്ലെന്നത് കണക്കിലെടുത്തുമാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതി ഗുരുതരമായ മറ്റു രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നത് ശരിയാണ്. എന്നാൽ പ്രതിക്കെതിരായ ആരോപണത്തിന്റെ സ്വഭാവവും പ്രതി കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധിയുമുൾപ്പെടെ മറ്റെല്ലാ വസ്തുതകളും പരിഗണിക്കുമ്പോൾ പ്രതിയുടെ തുടർ കസ്റ്റഡി ആവശ്യമില്ലെന്നും കർശന വ്യവസ്ഥയിൽ പ്രതിക്ക് ജാമ്യം നൽകാവുന്നതാണെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.
വീടിനുള്ളില്‍ വീണ പാമ്പിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും മുറിഞ്ഞുപോയി. മുറിഞ്ഞ വാലിന്റെ ഭാഗം അവശേഷിപ്പിച്ച് പാമ്പ് രക്ഷപ്പെട്ടു. കിട്ടിയ തൊണ്ടിമുതലായ വാൽക്കഷണം പരിശോധനക്കയച്ചതിൽ പാമ്പ് വിഷമുള്ളതാണോ വിഷമില്ലാത്തതാണോയെന്ന ലാബ് റിപ്പോർട്ട് നാളിതുവരെ ലഭ്യമായില്ലെന്ന് കാട്ടാക്കട പൊലീസ് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.