കോട്ടയം :പാമ്പാടിയിൽ അടുക്കള ചാരായനിർമ്മാണ കേന്ദ്രമാക്കി മാറ്റി വൻ തോതിൽ വില്പന നടത്തിയിരുന്ന യുവാവ് എക്സൈസ് പിടിയിലായി. പയ്യപ്പാടി വെണ്ണിമല മൂലകുന്നേൽ ജോർജ് റപ്പേലിനെയാണ് (42) രണ്ട് ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവുമാണ് ഇടപാടുകാരെന്ന നിലയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം വീടിന്റെ അടുക്കളയിൽ പത്ത് ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വൻതോതിൽ ചാരായം വാറ്റ് നടത്തുകയായിരുന്നു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ഇയാളെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരീക്ഷിച്ചു വരികയായിരുന്നു.
ഈ കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാൽ വൻവില്പന പ്രതീക്ഷിച്ച് ശർക്കരയും പഞ്ചസാരയും മറ്റ് സുഗന്ധദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. പിന്നീട് ഓട്ടോറിക്ഷക്കാരന്റെ വേഷത്തിൽ എത്തിയ എക്സൈസ് സംഘത്തിന് ആളറിയാതെ തന്റെ എൻഫീൽഡ് ബൈക്കിലെത്തി ചാരായം കൊടുക്കുകയും പിടിയിലാവുകയുമായിരുന്നു.
ഉടൻ തന്നെ ഇയാളുടെ വീട് പരിശോധിച്ചപ്പോൾ വീടിന്റെ അടുക്കളയിൽ നിന്നും ചാരായവും ചാരായം വാറ്റുന്നതിനുള്ള കോടയും പ്രഷർകുക്കറിനോട് ചേർന്ന് വാറ്റുപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നതും കണ്ടെടുത്തു. ആയുർവേദ ഉൽപന്നങ്ങൾ ചേർത്തുണ്ടാക്കുന്ന ചാരായം സ്പൂൺ ഉപയോഗിച്ച് കോരി കത്തിച്ച് ഗാഢത മനസ്സിലാക്കിയിരുന്നു. ലിറ്ററിന് 800 രൂപ നിരക്കിലായിരുന്നു ഇയാൾ ചാരായം വിറ്റിരുന്നത്.
ചാരായം വാറ്റുമ്പോളുണ്ടാകുന്ന ഗന്ധം അയൽക്കാർ അറിയാതിരിക്കുവാൻ സാമ്പ്രാണി പുകയ്ക്കുക പതിവായിരുന്നു. ആയതിനാൽ സമീപവാസികൾക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. മറ്റുളളവരുടെ മുന്നിൽ മാന്യമായ പെരുമാറ്റം ആയിരുന്നതിനാൽ നാളുകളായി ഇയാൾ പിടിക്കപ്പെട്ടിട്ടില്ലായിരുന്നു.
എക്സൈസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഇയാളുടെ മൊബൈൽ ഫോണിലേക്ക് നിരവധി കോളുകൾ വന്നുകൊണ്ടിരുന്നു. ഇതിനാൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടതൽ അറസ്റ്റ് ഉണ്ടാവുമെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ് പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ബിനോദ്, അനു വി. ഗോപിനാഥ്, കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, പ്രദീപ് എം.ജി., പ്രശോഭ് കെ.വി., രജിത്ത് കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി വി. എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.