ദുബായ് :ഹജ് തീർഥാടനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മലയാളി ടൂർ ഒപ്പറേറ്ററെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഷാർജ ആസ്ഥാനമായി ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി നടത്തുന്ന ഷാബിൻ റഷീദ് (44) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
യുഎഇയിലെ നൂറ്റമ്പതോളം പേരെ ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ച് ലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്തതായാണ് ഇയാളുടെ പേരിലുള്ള കേസ്.ഹജ്ജിന് പോകാൻ പ്രതീക്ഷയോടെ കാത്തിരുന്നവർ വളരെ വിഷമകരമായ മാനസികാവസ്ഥയിലായിരുന്നു. മുഴുവൻ പണവും മുൻകൂട്ടി നൽകിയിട്ടും ആർക്കും തീർഥാടനം നടത്താൻ കഴിഞ്ഞില്ല.
തുടക്കത്തിൽ ഷാബിൻ റഷീദ് ക്ഷമാപണം നടത്തിയിരുന്നു. വീസ നൽകുന്നതിൽ അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് ഇയാൾ അവകാശപ്പെടുകയും ചെയ്തു. റീഫണ്ട് വാഗ്ദാനം ചെയ്യുകയും യാത്രക്കാർക്കായി ബുക്ക് ചെയ്ത താമസ സൗകര്യങ്ങളുടെ പണം തിരികെ നൽകുമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നുംപാലിച്ചില്ല. മാസങ്ങളായി പണം തിരികെ ലഭിക്കാതെ വരികയും ഇദ്ദേഹം മുൻ വർഷങ്ങളില്‍ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ വിവരം പുറത്തുവരുകയും ചെയ്തതോടെ പലരും ഷാബിൻ റഷീദിനെതിരെ പരാതി.
നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ദുബായ് പൊലീസ് അയച്ച സന്ദേശത്തിലൂടെയാണ് അറസ്റ്റിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചതെന്ന് പൊലീസിൽ പരാതി നൽകിയ ബൈത്തുൽ അതീഖിന്റെ ഇടപാടുകാർ പറഞ്ഞു.
കൂടാതെ, വാട്സാപ് വഴി റീഫണ്ട് സന്ദേശത്തിനായി കാത്തിരിക്കുന്നവരെ ബൈത്തുൽ അതീഖ് പ്രതിനിധി എത്തി വാർത്ത സ്ഥിരീകരിച്ചു. വിശ്വാസവും കഷ്ടപ്പെട്ട് സമ്പാദിച്ച പണവും ട്രാവൽ ഏജൻസിയുടെ കൈകളിൽ അർപ്പിച്ചവർക്ക് ഷാബിൻ റഷീദിന്റെ അറസ്റ്റ് ആശ്വാസമായി.
ഈ നിയമനടപടിക്കായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ബൈത്തുൽ അതീഖ് വഴി ഹജ്ജിന് അപേക്ഷിച്ച് പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് പണം നഷ്ടമായത് ഇത് ആദ്യ സംഭവമല്ലെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു.
പലരും തങ്ങൾ പണം നൽകിയിട്ടും ഹജ് എന്ന സ്വപ്നം പൂവണിയാതെ വഞ്ചിക്കപ്പെട്ടതിന് ബൈത്തുൽ അതീഖിനെതിരെ തെളിവുകൾ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.