കൊല്ലം: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്കുള്ള കാറ്റഗറി 3 (ഇ) വിഭാഗം തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം.
ആകെ പത്ത് റീജിയണുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത് വെള്ളാപ്പള്ളിയുടെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച അഞ്ച് റീജിയണുകളിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പാനൽ നൂറു മേനി കൊയ്തു.കാറ്റഗറി ഇ വിഭാഗത്തിൽ നിന്നു 751 പേരെയാണ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതിൽ തിരുവനന്തപുരം, ചേർത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂർ റീജിയണുകളിൽ വെള്ളാപ്പള്ളി നയിക്കുന്ന പാനലിലെ 317 പേരാണ് നേരത്തെ എതിരില്ലാതെ വിജയിച്ചത്.
വർക്കല, പുനലൂർ, നങ്ങ്യാർകുളങ്ങര, കൊല്ലം, തൃശൂർ റീജിയണുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ അഞ്ചിടങ്ങളിൽ നിന്നുള്ള 434 പ്രതിനിധികളും ഔദ്യോഗിക പാനലിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിൽ കൊല്ലത്ത് മാത്രമേ ഔദ്യോഗിക പാനലിനെതിരെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നുള്ളു. എന്നിട്ടും മൃഗീയ ഭൂരിപക്ഷത്തോടെയാണ് വെള്ളാപ്പള്ളി പാനൽ വിജയിച്ചത്. ശനിയാഴ്ച രാത്രി ഒൻപതരയോടെ ആരംഭിച്ച കൊല്ലത്തെ വോട്ടെണ്ണൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പൂർത്തിയായത്.
നൂറ് മുതൽ അയ്യായിരം രൂപ വരെ സംഭാവന നൽകിയ അംഗങ്ങളാണ് കാറ്റഗറി 3 ഇ വിഭാഗത്തിലുള്ളത്. അയ്യായിരം രൂപ മുതൽ ഒരു ലക്ഷത്തിൽ താഴെ വരെ സംഭാവന നൽകിയവരുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നവംബർ 10ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കും.
വിദഗ്ദ്ധ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്ന 3 ഐ വിഭാഗം തിരഞ്ഞെടുപ്പ് നവംബർ 23നാണ്. നവംബർ 25ന് ട്രസ്റ്റ് ചെയർമാൻ, സെക്രട്ടറി, അസി. സെക്രട്ടറി, ട്രഷറർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പ് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.