ജയ്പുര്‍: തിരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ 7,000 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.
4,500 കോടി ചെലവില്‍ നിര്‍മിച്ച മെഹ്സാന- ബട്ടിന്‍ഡ- ഗുര്‍ദാസ്പുര്‍ ഗ്യാസ് പൈപ്പ്ലൈന്, 1480 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ദാരാ-ജലാവര്‍-തീന്ദര്‍ സെക്ഷനിലെ നാലുവരിപ്പാത എന്നിവ ചിത്തൗഗഡിലെ പരിപാടിയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സന്‍വാലിയ സേഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമായിരുന്നു പ്രധാനമന്ത്രി പരിപാടിയ്ക്കെത്തിയത്.അബു റോഡിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എല്‍.പി.ജി. പ്ലാന്റ്, വിവിധ റെയില്‍വേ- ടൂറിസം പദ്ധതികള്‍, കോട്ടയില്‍ ഐ.ഐ.ഐ.ടിയുടെ സ്വന്തം ക്യാമ്പസ് എന്നിവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സാസ്കാരിക കേന്ദ്രങ്ങളുണ്ടാക്കി ടൂറിസത്തെ ശക്തിപ്പെടുത്തുകയാണ് കേന്ദ്രമെന്ന് അദ്ദേഹം ചിത്തൗഗഡില്‍ പറഞ്ഞു.
പരിപാടിക്കായൊരുക്കിയിരിക്കുന്ന പന്തല്‍ ചെറുതാണെങ്കിലും മോദിയുടെ ഹൃദയം വലുതാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. നിങ്ങള്‍ എല്ലാവരും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നുവെന്നും പരിപാടിക്കെത്തിച്ചേര്‍ന്നവരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. രാജസ്ഥാന്റെ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണനയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കോണ്‍ഗ്രസ് രാജസ്ഥാന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തി. കുറ്റകൃത്യങ്ങളില്‍ മുന്നിട്ടുനില്ക്കുന്ന സംസ്ഥാനമാണ് രാജസ്ഥാനെന്ന് വേദനിക്കുന്ന ഹൃദയത്തോട് പറയേണ്ടിവരികയാണ്. വഞ്ചനയിലൂടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചു, എന്നാലത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല.
തന്റെ കസേര ഉറപ്പിക്കാന്‍ ഗാലോട്ട് ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസിലെ പകുതിയോളം പേര് അദ്ദേഹത്തിന്റെ കസേര മറിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ കലാപം പോലുള്ള ക്രിമിനല്‍ നടപടികള്‍ ഇല്ലാതാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയാണെന്ന് ഗഹലോത്തിന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടാണ് ബി.ജെ.പി. അധികാരത്തിലെത്തിയാലും അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ അവസാനിപ്പിക്കരുത് എന്നദ്ദേഹം പറഞ്ഞത്.
പദ്ധതികള്‍ തുടരുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെങ്കിലും സാധാരണക്കാരനെ കൊള്ളയടിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ഉറപ്പായിട്ടും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ പരിപാടിക്ക് ശേഷം മധ്യപ്രദേശിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ 9,260 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിടും.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ 11,895 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഡല്‍ഹി-വഡോദര എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യും. 1880 കോടി രൂപയുടെ അഞ്ച് വ്യത്യസ്ത റോഡ് പദ്ധതികള്‍ക്കും തറക്കല്ലിടും.
തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ 13,500 കോടിയുടെ വികസനപദ്ധതികള്‍ക്ക് മോദി ഞായറാഴ്ച തുടക്കമിട്ടു. ഛത്തീസ്ഗഢില്‍ 7500 കോടിയുടെ പദ്ധതി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. തെലങ്കാനയില്‍ റോഡ് പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.