മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല അഞ്ചാം സ്ഥാനത്തും മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്തും.
പദ്ധതി വിഹിതത്തിന്റെ 27.68 ശതമാനം ചെലവഴിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഏറ്റവും കൂടുതൽ പദ്ധതി തുക ചിലവഴിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനവും മലപ്പുറം ജില്ലാ പഞ്ചായത്താണ്.തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്ന കോട്ടയം, പത്തനംതിട്ട, കാസർകോട് ജില്ലാ പഞ്ചായത്തുകൾ പക്ഷെ മലപ്പുറം ജില്ലാ പഞ്ചായത്ത് മൊത്തം ചെലവഴിച്ചതിന്റെ പകുതിയിൽ താഴെ മാത്രമുള്ള തുകയാണ് ചെലവഴിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലാ പഞ്ചായത്തിന് ബഡ്ജറ്റ് വിഹിതമായി ലഭിച്ച 99. 78 കോടി രൂപയിൽ നിന്ന് 27.62 കോടി ചെലവഴിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോട്ടയം 13.72 കോടിയും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പത്തനംതിട്ട 10.92 കോടിയുമാണ് ചെലവാക്കിയത്. അഞ്ചാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 20.08 കോടി ചെലവാക്കിയിട്ടുണ്ട്.
കടുത്ത ട്രെഷറി നിയന്ത്രണത്തിനിടയിലും സർക്കാർ ഇടയ്ക്കിടെ കൊണ്ട് വരുന്ന സാങ്കേതിക തടസ്സങ്ങൾക്കിടയിലും ഇത്രയേറെ ചെലവഴിക്കാൻ കഴിഞ്ഞത് ഏറെ ശ്രദ്ധേയമായ നേട്ടമാണ്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതും അതോടൊപ്പം നിരവധി നൂതന പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതുമായ തദ്ദേശ സ്ഥാപനം എന്ന നിലയിൽ പദ്ധതി ചെലവിൽ മുന്നിലെത്താൻ മലപ്പുറം ജില്ലാ പഞ്ചായത്തിന് . കഴിഞ്ഞത് മികച്ച നേട്ടമാണ്.
ഗ്രാമ പഞ്ചായത്തുകളിൽ 34.47 ശതമാനവുമായി കൽപകഞ്ചേരിയാണ് ഒന്നാം സ്ഥാനത്ത്. തിരുവാലി, എ. ആർ നഗർ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് 12 -ാം സ്ഥാനത്തുമാണ്.
മുനിസിപ്പാലിറ്റികളിൽ സംസ്ഥാനത്ത് ആദ്യ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് ജില്ലയിലെ കോട്ടക്കൽ, പെരിന്തൽമണ്ണ നഗരസഭകളാണ്. ഒന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ ചവറ ബ്ലോക്ക് പഞ്ചായത്തിനേക്കാൾ ഒരു ശതമാനം മാത്രം പിന്നിലാണ് കോട്ടക്കൽ. കോർപ്പറേഷനുകളിൽ 20.6 ശതമാനവുമായി കൊച്ചിയാണ് മുന്നിൽ.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇനിയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ 18 കോടി രൂപയുടെ ബില്ലുകളാണ് ട്രെഷറിയിൽ കെട്ടിക്കിടക്കുന്നത്. ഇത് കൂടി അനുവദിക്കുന്ന മുറക്ക് പദ്ധതി ചെലവ് ഇനിയും കൂടും.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമവും ചിട്ടയായ പ്രവർത്തനവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.