കൽപറമ്പ്: ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി.
കുഞ്ഞിന് പരിക്കുകളൊന്നുമില്ല. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് പൂണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യ(33)ക്കാണ് മിന്നലേറ്റത്.ഐശ്വര്യയുടെ വലതുചെവിയുടെ കേൾവിക്കും തകരാറുണ്ടായി. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
കട്ടിലിൽ, ചുമരിൽ ചാരിയിരുന്ന് കുട്ടിക്ക് പാൽ കൊടുക്കുകയായിരുന്നു ഐശ്വര്യ. ശക്തമായ മിന്നലിൽ വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിക്കുകയും ഐശ്വര്യയും കുട്ടിയും ബോധം കെട്ട് കട്ടിലിലേക്ക് വീഴുകയുമായിരുന്നുവെന്ന് സുബീഷ് പറഞ്ഞു.
പുറത്ത് പൊള്ളലേറ്റ ഐശ്വര്യയുടെ തലമുടി കരിയുകയും ചെയ്തു.ഇതേസമയം വീട്ടിൽ ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല.
സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ സുബീഷാണ് സുഹൃത്തിന്റെ ഓട്ടോ വിളിച്ച് ഐശ്വര്യയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വലതുചെവിയുടെ കേൾവി തകരാറിലായതായി കണ്ടെത്തിയത്.
വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും ബൾബുകളും തകർന്നു. ഇടിമിന്നലിൽ സമീപത്തെ വീടുകളിലെയും ബൾബുകളും ട്യൂബ് ലൈറ്റുകളും പൊട്ടിത്തെറിച്ച് നാശം സംഭവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.