തൃശ്ശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ മറ്റൊരു വ്യക്തിയുടെ ഭൂമി ഈടുവെച്ച് വ്യാജ മേൽവിലാസത്തിൽ ഒരു കോടി തട്ടിയെന്ന പരാതിയിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയത് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെന്ന് ആരോപണം.
പരാതിക്കാരന്റെ ഭാഗം കേട്ട സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസാണ് ആരോപണവിധേയനെ പാർട്ടി ഓഫീസിലേക്ക് വിളിപ്പിച്ചത്. ഒരാഴ്ചയ്ക്കകം പണം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഒരു കോടിരൂപ മൂല്യം വരുന്ന വ്യാപാര ഓഹരി പരാതിക്കാരന് നൽകണമെന്നുമുള്ള നിബന്ധനയിലാണ് ഒത്തുതീർപ്പ് ചർച്ച അവസാനിപ്പിച്ചത്.ഏതാണ്ട് ഒരു വർഷം മുമ്പാണ് സംഭവമെന്നും ഇതേവരെ പണമോ ഓഹരിയോ കിട്ടിയില്ലെന്നും പരാതിക്കാരനായ തൃശ്ശൂരിലെ പ്രമുഖ വ്യാപാരി സുധാകരൻ രായിരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.കുട്ടനെല്ലൂർ ബാങ്കിൽ തട്ടിപ്പിന് ഇരയായതിനെക്കുറിച്ച് പറയാൻ വിളിച്ച പത്രസമ്മേളനത്തിലാണ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ ഇടപെടലും പരാമർശിച്ചത്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സ്വർണവ്യാപാരിയായ ഗണേശനെ സി.പി.എം. തൃശ്ശൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തി ഒത്തുതീർപ്പ് ചർച്ച നടത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണിത്.
ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ രായിരത്ത് ഗാർഡൻസിന്റെ ഉടമയായ സുധാകരൻ 2016-ലാണ് കുട്ടനെല്ലൂർ ബാങ്കിൽ തട്ടിപ്പിന് ഇരയായത്. സുധാകരന്റെ റിസോർട്ട് മാള കുഴൂർ അനിൽമേനോന് വിൽക്കാൻ കുട്ടനെല്ലൂർ ബാങ്കിലേക്ക് വായ്പ മാറ്റിയപ്പോഴാണ് തട്ടിപ്പ് നടത്തിയത്.
60 ലക്ഷം വായ്പ അനുവദിച്ചത് 1.6 കോടിയായി കാണിച്ചാണ് ഒരു കോടി തട്ടിയത്. സ്ഥലമിടപാട് നടന്നുമില്ല. അനിൽമേനോന് വേണ്ടിയാണ് ബാങ്ക് ഭരണസമിതി തട്ടിപ്പ് നടത്തിയതെന്നും എത്രയും വേഗം അനിൽമേനോൻ പണം അടയ്ക്കുെമന്ന് ബാങ്ക് പ്രസിഡന്റ് സമ്മതിച്ചതായും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാല് പേരുടെ വ്യാജമേൽവിലാസമുണ്ടാക്കിയാണ് 25 ലക്ഷംവീതം ഒരു കോടി തട്ടിയത്. ഇതുസംബന്ധിച്ച് പോലീസിനും സഹകരണവകുപ്പിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
സഹകരണ മന്ത്രിക്കും പരാതി നൽകി. നാല് കോടിയോളം രൂപ വില വരുന്ന റിസോർട്ട് ജപ്തിയുടെ വക്കിലാണ്. ഇതിന് കോടതിയുടെ സ്റ്റേ കിട്ടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.