പത്തനംതിട്ട: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ഡല്‍ഹി പോലീസിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്ക് മാധ്യമപ്രവര്‍ത്തകയായിരുന്ന പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡല്‍ഹി പോലീസ് പ്രത്യേകസെല്ലിലെ മൂന്നംഗം സംഘമെത്തി പരിശോധന നടത്തിയത്. മൊബൈല്‍ ഫോണും ലാപ്ടോപ്പുമടക്കം പിടിച്ചെടുത്തായും. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ പരിശോധിച്ചതായും അനുഷ പറഞ്ഞു.
ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടുന്ന സംഘമാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.15-ഓടെയാണ് സ്ഥലത്തെത്തിയത്. 2018 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെ ന്യൂസ്ക്ലിക്കിലെ ജീവനക്കാരിയായിരുന്നു അനുഷ. പത്തനംതിട്ട പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനയെന്ന് പറഞ്ഞ ഇവര്‍, സംസ്ഥാന പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.ഡല്‍ഹി സി.പി.എം. സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയെ അറിയുമോയെന്ന് ചോദിച്ചു. സി.പി.എം. പ്രവര്‍ത്തകയും ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമാണ്, അതിനാല്‍ ഉറപ്പായും അറിയാമെന്ന് പറഞ്ഞു. ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് , തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം പരിശോധിച്ചു.
എത്രയും പെട്ടെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി തങ്ങള്‍ക്കുമുന്നില്‍ ഹാജരാകുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത് എന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പരിശോധനയ്ക്കുശേഷം അനുഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളതിനാല്‍ ഡല്‍ഹിയിലേക്ക് ഉടനെ മടങ്ങാന്‍ കഴിയില്ലെന്ന് ഡല്‍ഹി പോലീസിനെ അറിയിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
''നടപടിയെ നിയമപരമായി നേരിടും. എനിക്ക് ആരേയും ഭയമില്ല. ആരുടെ കൈയില്‍നിന്നും ഫണ്ട് വാങ്ങിയിട്ടില്ല. ന്യൂസ്ക്ലിക്ക് ആരുടേയും കൈയില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന് എനിക്ക് തോന്നുന്നുമില്ല. നരേന്ദ്രമോദി, ആര്.എസ്.എസ്. ഭരണഭീകരതയ്ക്കെതിരെ ശബ്ദിക്കുന്ന മാധ്യമമായ ന്യൂസ്ക്ലിക്കിനേയും അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളേയും ഭയപ്പെടുത്താനുള്ള നീക്കമായി തന്നെയാണ് റെയ്ഡിനെ കാണുന്നത്.
2023 മുതല്‍ ഇന്നുവരെ ന്യൂസ്ക്ലിക്ക് ചെയ്ത് അപരാധമെന്താണെന്നോ, നടന്ന സാമ്പത്തിക കുറ്റകൃത്യം എന്താണെന്നോ തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് എഫ്.ഐ.ആര്. പുറത്തുവിടാത്തത്? എന്റെ ലാപ്ടോപ്പും ഫോണും ന്യൂസ്ക്ലിക്ക് തന്നതല്ല. എന്റെ ലാപ്ടോപ്പ് കൊണ്ടുപോയിട്ട് അവര്‍ക്ക് എന്താണ് നേടാനുള്ളത്?'', അനുഷ ചോദിച്ചു.
''ന്യൂസ്ക്ലിക്കിലൂടെ സി.പി.എമ്മിലേക്ക് എത്താന്‍ ശ്രമിച്ചാല്‍ അവര്‍ പരാജയപ്പെടുകയേയുള്ളൂ. ന്യൂസ്ക്ലിക്ക് സ്വതന്ത്ര്യമാധ്യമസ്ഥാപനമാണ്, അതിന് സി.പി.എമ്മുമായി എന്താണ് ബന്ധം? ന്യൂസ്ക്ലിക്കിനെ പൂട്ടിക്കാനും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലി കളയാനും വേണ്ടിയുള്ള നടപടിയാണിത്.
എന്ന് മുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി, ന്യൂസ്ക്ലിക്കിന് ചൈനയില്‍നിന്നല്ലേ ഫണ്ട് വരുന്നത്, സി.പി.എം. പ്രവര്‍ത്തകയാണോ, സി.പി.എം. പണം തരുന്നുണ്ടോ എന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. സി.പി.എം. നേതാക്കളുമായുള്ള ബന്ധം, സി.എ.എ, കര്‍ഷക സമരം, കോവിഡ് എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും ചോദിച്ചു'', അനുഷ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.