മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്തിയ 63 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. ദോഹയില്‍നിന്ന് കടത്തിയ 33 ലക്ഷം രൂപയുടെ സ്വര്‍ണവും ജിദ്ദയില്‍നിന്ന് കടത്തിയ 30 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരെയും സ്വര്‍ണം വാങ്ങാനെത്തിയ കള്ളക്കടത്തുസംഘത്തിലെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ദോഹയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് (44) ആണ് 577.5 ഗ്രാം സ്വര്‍ണവുമായി ആദ്യം പോലീസിന്റെ പിടിയിലായത്. 33 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം രണ്ട് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്.
വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്ക് ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ വയനാട് സ്വദേശി മുബാറക്ക്(36) മലപ്പുറം കൊളത്തൂര്‍ സ്വദേശി യൂസഫ്(36) എന്നിവരില്‍നിന്ന് അരക്കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ബിസ്ക്കറ്റ് രൂപത്തില്‍ പേഴ്സിനുള്ളില്‍ ഒളിപ്പിച്ചനിലയിലും ലഗേജില്‍ കൊണ്ടുവന്ന എയര്ഹോണിനുള്ളില്നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. ഇവരുടെ ലഗേജില്‍ നാല് എയര്‍ഹോണുകളാണ് ഉണ്ടായിരുന്നത്. ഈ നാല് എയര്ഹോണിലും നാല് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചനിലയിലായിരുന്നു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നുപേരെയും മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുബാറക്ക്, യൂസഫ് എന്നിവരില്‍നിന്ന് സ്വര്‍ണം കൈപ്പറ്റാനായി വിമാനത്താവളത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശികളായ കെ.പി. ഫൈസല്‍, നിഷാദ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ സഞ്ചരിച്ചിരുന്ന രജിസ്ട്രേഷന് നമ്പര്‍ പതിക്കാത്ത പുതിയ ജീപ്പും വാഹനത്തിനുള്ളിലുണ്ടായിരുന്ന 40500 രൂപയും പോലീസ് പിടിച്ചെടുത്തു. ഈ പണം സ്വര്‍ണം കടത്തിയവര്‍ക്ക് കൈമാറാനായാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്.അതിനിടെ, പിടിയിലായവരുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ പല നിര്‍ണായകവിവരങ്ങളും കണ്ടെടുത്തതായാണ് പോലീസ് പറയുന്നത്.
പിടിയിലായവരുടെ ഫോണില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരുമാസത്തെ ടേണ്‍ ഡ്യൂട്ടി വിവരങ്ങളാണ് കണ്ടെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക ബാച്ചിന്റെ ഒക്ടോബര്‍ മാസത്തെ ഡ്യൂട്ടി വിവരങ്ങളാണ് കണ്ടെത്തിയത്. സ്വര്‍ണം ഒളിപ്പിച്ച ലഗേജുകളില്‍ കസ്റ്റംസ് മാര്‍ക്കിങ് കണ്ടെത്തിയതും സംശയകരമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.