കൊച്ചി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത. മുന്‍കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന് മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
അതേസമയം മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 4 പ്രതികളെ 10 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത് ഹൈക്കോടതി മരവിപ്പിച്ചു.അടുത്ത വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കുറഞ്ഞ കാലത്തേക്ക് ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു വിലയിരുത്തി ഹൈക്കോടതി ജനുവരിയില്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവു റദ്ദാക്കി അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണു ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്.
വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിനെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും, ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം.
കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തുവര്‍ഷം തടവുശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് തയ്യാറായില്ല. തിരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ വല്‍ക്കരണം കൂടി വരികയാണെന്ന് ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ശിക്ഷിക്കപ്പെട്ടതിനുശേഷവും ജനപ്രതിനിധികളായി നിയമനിര്‍മ്മാണ സഭകളില്‍ തുടരുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല.
ഈ സാഹചര്യം കൂടി കണക്കിലെടുത്ത് വേണം ഇത്തര കേസുകള്‍ പരിഗണിക്കാനെന്ന് കോടതി വിലയിരുത്തി. ജനപ്രാതിനിധ്യ നിയമപ്രകാരം ഏതെങ്കിലും കുറ്റത്തിന് രണ്ടുവര്‍ഷത്തിനുമേല്‍ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യനാകും. കോടതി ഉത്തരവോടെ മുഹമ്മദ് ഫൈസലിന്റെ എം.പി സ്ഥാനം വീണ്ടും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.
2009 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഫൈസലും മറ്റു മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.