തൃശ്ശൂര്‍: സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭേദഗതി വിഷയത്തില്‍, തടസ്സം നില്‍ക്കുന്നതിന് ശശി തരൂരിനേയും എൻ.കെ പ്രേമചന്ദ്രനേയും വിമര്‍ശിച്ച് ബി.ജെപി നേതാവ് സുരേഷ് ഗോപി. ഇവര്‍ക്ക് പാര്‍ട്ടി അല്ലെങ്കില്‍ മുന്നണി എന്ന വിചാരം മാത്രമേ ഉള്ളോയെന്നും അദ്ദേഹം ചോദിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
'ഈ നിഷ്ഠൂരത നേരിടുന്ന വിഭാഗത്തിന്റെ ജാതിയും അവരുടെ തൊഴിലും നമ്മള് പറയാൻ പാടില്ലാത്തതാണ്. പക്ഷേ, കുംഭാരി സമുദായത്തില്‍പ്പെട്ട ആളുകളുടെ, ചെളിവച്ച് പണിയെടുക്കുന്ന ആളുകളുടെ വികാരം ഈ സോഷ്യലിസത്തിനു കാണാൻ കഴിയില്ലേ? എന്തൊരു ഗതികേടാണ്?
ഈ വിഷയത്തില്‍ ഹൈക്കോടതി ഒരു കരുത്തുള്ള നീക്കം നടത്തണം എന്നാണ് എനിക്കു തോന്നുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഞാൻ അപേക്ഷിക്കുകയാണ്. ഈ കദനം നിങ്ങള്‍ കാണണം. ഈ കദനം കുന്നുകൂടിക്കൊണ്ടിരിക്കുന്നതിനു കാരണക്കാരായ അധമന്മാരെ ഒന്നു കൈകാര്യം ചെയ്യണം.
കരുവന്നൂര്‍ മാത്രമല്ല പ്രശ്നം. മാവേലിക്കര ബാങ്കിലൊക്കെ പൈസ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെ അവിടെ ജോലിക്കിരുത്തി. ഇവര്‍ക്കു പിന്നാലെ വന്ന നിക്ഷേപകരുടെ തെറിവിളിയും മുഷ്ടിപ്രയോഗവും അവിടെ ജോലി ചെയ്തുകിട്ടുന്ന ശമ്പളം കൊണ്ടെങ്കിലും ജീവിക്കാമെന്നു കരുതിയ അവര്‍ക്കുനേരെയായി. ആ ഉദ്യോഗസ്ഥരാണ് ഇക്കാര്യം എന്റെ അടുത്തുവന്ന് പറഞ്ഞത്. 27 പേരാണു വന്നത്.
എല്‍ഐസി ഏജന്റുമാര്‍ അവിടെയിട്ട പണവും പ്രശ്നത്തിലാണ്. അങ്ങനെയുള്ള ഒരു സംഭവം ഇന്നു രാവിലെ വന്നു കണ്ടു. തിരുവനന്തപുരത്ത് ബിഎസ്എൻഎലിലെ പെൻഷൻകാര്‍... എത്രയാ, ആറു കോടിയോ ഏഴു കോടിയോ ആണ്.
സഹകരണ സ്ഥാപനം എന്നു പറഞ്ഞ് എന്തെങ്കിലും ഭേദഗതി വന്നാല്‍ ഉടനെ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും പോലുള്ള ആളുകള്‍ അതിനു തടസം നില്ക്കുക. പ്രസംഗം നിങ്ങള്‍ കേള്‍ക്കൂ.
പാര്‍ട്ടി അല്ലെങ്കില്‍ മുന്നണി എന്ന വിചാരം മാത്രമേയുള്ളോ ഈ ആളുകള്‍ക്ക്? പാവങ്ങളുടെയൊന്നും കണ്ണീര് അവര്‍ കാണുന്നില്ലേ? ഞാൻ പേരെടുത്തു പറയാൻ കാരണം, ഈ രണ്ടു പേരെയും ഞാൻ വിളിച്ചതാണ്. അവര്‍ക്കു മുന്നണി മര്യാദകള്‍ പാലിക്കണം. ഈ മുന്നണിയൊക്കെ നിലനില്‍ക്കുന്നത് ഈ പാവപ്പെട്ടവന്റെ മണ്ണിലാണെന്ന നല്ല ബോധ്യം വേണം'' സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.