മാവേലിക്കരയിൽ ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ മൂന്നു വനിതകൾക്ക് 13 വർഷം തടവും പിഴയും വിധിച്ച് കോടതി

മാവേലിക്കര: ആള്‍ദൈവം ചമഞ്ഞ് ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി മൂന്ന് ജഡ്ജി എസ്.എസ്. സീന ഉത്തരവായി.

ആലപ്പുഴ വനിതാസെല്ലില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാ കുമാരി (59) യെ ആക്രമിച്ച കേസിലാണു പാലമേല്‍ ഉളവുക്കാട് വന്‍മേലിത്തറയില്‍ ആതിര (ചിന്നു-23), ആതിരയുടെ അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെ കോടതി ശിക്ഷിച്ചത്. വിവിധവകുപ്പുകളിലായി 13 വര്‍ഷം ശിക്ഷിച്ചെങ്കിലും ഏഴുവര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരുലക്ഷം മീനാ കുമാരിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്.

2016 ഏപ്രില്‍ 23-നു വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ആതിര ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നുവെന്ന് പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനി നിവാസികളായ 51 പേര്‍ കളക്ടര്‍ക്കു പരാതിനല്‍കിയിരുന്നു. ഇതന്വേഷിക്കാനാണ് മീനാ കുമാരിയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും എത്തിയത്. 

ആതിരയുടെ വീട്ടിലെത്തിയ മീനകുമാരി പരാതി വായിച്ചു കേള്‍പ്പിച്ചു. മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ആതിരയെ ഉപദേശിച്ച മീനാ കുമാരി ഏപ്രില്‍ 26-നു വനിതാസെല്ലില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു. പെട്ടെന്നായിരുന്നു ആതിരയും ശോഭനയും രോഹിണിയും ചേര്‍ന്ന് ആക്രമിച്ചതെന്നു മീനകുമാരിയുടെ മൊഴിയില്‍ പറയുന്നു. 

പെരുവിരലിനു ഗുരുതര പരിക്കേറ്റ മീനാകുമാരിയെ ലേഖയും ഉല്ലാസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വണ്ടാനം മെഡിക്കല്‍കോളേജിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം 89 ദിവസം ഇവര്‍ ജോലിക്കു പോകാനാവാതെ വീട്ടില്‍ക്കഴിഞ്ഞു.

സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തെങ്കിലും ആതിരയെമാത്രം പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം നല്‍കിയത്. ഇതിനെതിരേ ഉന്നത പോലീസ് അധികാരികള്‍ക്കു മീനാ കുമാരി നല്‍കിയ പരാതിയെത്തുടര്‍ന്ന് മാവേലിക്കര ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ശ്രീകുമാര്‍ 2017 സെപ്റ്റംബറില്‍ പുനരന്വേഷണം തുടങ്ങി. 

തുടര്‍ന്നാണ് ശോഭനയെയും രോഹിണിയെയും കൂടി പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 21 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ പി. സന്തോഷ്, കെ. സജികുമാര്‍, ഇ. നാസറുദ്ദീന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

ഒടുവിൽ സത്യം ജയിച്ചു -മീനാ കുമാരി മാവേലിക്കര: ഒടുവിൽ സത്യം ജയിച്ചെന്ന് കേസിലെ വാദി മീനകുമാരിയുടെ പ്രതികരണം. 2020 മേയ് മാസത്തിൽ സർവീസിൽനിന്നു വിരമിച്ച് മലപ്പുറം ചേലാമ്പ്രയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണു മീനാകുമാരി.

മീനാ കുമാരി സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് തൃശ്ശൂരിൽനിന്നു സ്ഥലംമാറിയെത്തി ആലപ്പുഴ വനിതാസെൽ സി.ഐ. ആയി ചുമതലയേറ്റത്. കളക്ടർ നേരിട്ടു വിളിച്ചുപറഞ്ഞ ഉടൻ അന്വേഷണത്തിനിറങ്ങുകയായിരുന്നു. ഒന്നാംപ്രതി റിമാൻഡ് കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങിയശേഷം തനിക്കെതിരേ കള്ളക്കേസുകൾ കൊടുക്കാൻ തുടങ്ങി. 

താൻ അവരെ ആക്രമിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മറ്റും കാണിച്ച് വിവിധ കമ്മിഷനുകളിൽ പ്രതികൾ കൊടുത്ത വ്യാജ പരാതികൾ നിലനിന്നില്ല. പുനരന്വേഷണത്തിൽ മാവേലിക്കര സി.ഐ. പി. ശ്രീകുമാർ കാട്ടിയ മികവും പ്രോസിക്യൂഷന്റെ ഇടപെടലുമാണ് കേസിനെ വിജയത്തിലെത്തിച്ചതെന്നും മീനാകുമാരി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !