കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന റീല്‍സ് വീഡിയോയുമായി മോഡലും നടനുമായ ഷിയാസ് കരീം.
ഇന്ത്യൻ നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക അവകാശത്തെ പറ്റി നടി സാധിക വേണുഗോപാല്‍ ഒരഭിമുഖത്തില്‍ പറഞ്ഞ ഭാഗമാണ് ആദ്യത്തേത്. ആണ്‍വിരോധത്തില്‍ സ്ത്രീകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന നിയമമാണ് ഇതെന്നാണ് സാധിക വീഡിയോയില്‍ പറയുന്നത്.
'ഒരു ആണിനോട് ദേഷ്യം വന്നാല്‍ മനഃപൂര്‍വ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോള്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ അവകാശം എടുത്തു കളയണം. സ്ത്രീ പോയി എന്തെങ്കിലും കേസ് കൊടുത്തു കഴിഞ്ഞാല്‍ അപ്പോള്‍ ആണിനെ അറസ്റ്റു ചെയ്യും. എന്താവശ്യത്തിനാ? ശരിയാണോ തെറ്റാണോ എന്നറിയുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും അവൻ ജയിലില്‍ കിടക്കുന്നില്ലേ? അതെന്തിന്റെ പേരിലാണ്. ഒരാണ്‍കുട്ടി പെണ്ണിന്റെ പേരില്‍ കേസ് കൊടുത്താല്‍ ആ പ്രിവിലേജ് ഇല്ലല്ലോ. കാശ് അടിച്ചുമാറ്റാനും മറ്റുമായി ഈ നിയമം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. തുല്യനിയമത്തെ കുറിച്ചല്ലേ നമ്മള് പറയുന്നത്.
അങ്ങനെയൊരു പ്രിവിലേജ് സ്ത്രീകള്‍ക്കു വേണ്ട. പക്ഷേ, രണ്ടു പേര്‍ക്കുമുള്ള നിയമം തുല്യവുമായിരിക്കണം, ശക്തവുമായിരിക്കണം.' - എന്നാണ് അവര്‍ അഭിമുഖത്തില്‍ പറയുന്നത്. ഇത് ശരിയാണ് എന്ന കുറിപ്പോടെയാണ് ഷിയാസ് വീഡിയോ പോസ്റ്റ് ചെയ്തത്.
പിന്നാലെ, 'കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല, ഇവ രണ്ടുമില്ലാത്ത നാടുമില്ല. നമ്മള് നമ്മുടെ ലക്ഷ്യവുമായി മുമ്ബോട്ടു പോകും' എന്ന് രജനീകാന്ത് പറയുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.
ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് ഷിയാസിനെതിരെയുള്ള പരാതി. ജിംനേഷ്യത്തില്‍ ബിസിനസ് പങ്കാളിയാക്കാം എന്നു പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരി പറയുന്നു.
2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ചെറുവത്തൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തി - പരാതിയില്‍ പറയുന്നു.
വിദേശത്തു നിന്ന് നാട്ടിലെത്തവെ, ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഷിയാസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. താരത്തിനായി നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ചന്തേര പൊലീസാണ് ഷിയാസിനെ കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.