ടെല്‍ അവീവ്: ആ വീടിനുള്ളിലേക്ക് കയറിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. അതിനുള്ളില്‍ ഒരു സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നു.
മൃതദേഹത്തിന്റെ വയറു കീറി ഒരു കുഞ്ഞ് പാതി പുറത്തുവന്ന നിലയില്‍…. പൊക്കിള്‍ക്കൊടി പോലും മുറിഞ്ഞിരുന്നില്ല… അസ്വാഭാവിക മരണത്തിന് ഇരയാവുന്നവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്ന ജോലിചെയ്യുന്ന യോസി ലാൻഡൗയുടെ വാക്കുകള്‍ കേട്ട് ലോകം നടുങ്ങി നില്‍ക്കുകയാണ്.കഴിഞ്ഞ 33 വര്‍ഷമായി താൻ ഈ ജോലി തന്നെയാണ് ചെയ്യുന്നതെങ്കിലും ഇത്ര ഭയാനകമായ കാഴ്ച്ചകള്‍ കാണേണ്ടി വന്നിട്ടില്ലെന്ന് 55 കാരനായ യോസി ലാൻഡൗ പറയുന്നു. ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കടന്നു കയറി പൈശാചിക താണ്ഡവമാടുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
കൊച്ചുകുട്ടികളെയും വൃദ്ധരെയും പൂര്‍ണ ഗര്‍ഭിണികളെയും പോലും ഹമാസ് ഭീകരര്‍ വെറുതേ വിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീകളില്‍ പലരും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എവിടെയും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ചിലത് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങള്‍ എല്ലാം ശേഖരിച്ച് ശീതീകരിച്ച ട്രക്കുകളിലേക്ക് മാറ്റുകയാണ് യോസി ലാൻഡൗയും കൂട്ടരും. വെറും പതിനഞ്ച് മിനിട്ടുകൊണ്ട് താണ്ടാനാവുന്ന റോഡ് 11 മണിക്കൂര്‍ എടുത്താണ് തങ്ങള്‍ പിന്നിട്ടതെന്ന് ഇവര്‍ പറയുന്നു.
കൈകള്‍ പിന്നില്‍ കെട്ടിയശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ഇരുപതിലധികം കുട്ടികളുടെയും നിരവധി സാധാരണക്കാരുടെയും മൃതദേഹങ്ങള്‍ തങ്ങള്‍ വീണ്ടെടുത്തുവെന്നാണ് മറ്റൊരു സന്നദ്ധപ്രവര്‍ത്തകൻ പറയുന്നത്. സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ക്രൂരമായ ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം, ഹമാസ് തീവ്രവാദികളെ രാജ്യത്ത് നിന്ന് തുരത്തിയെന്ന് ഇസ്രയേല്‍ സേന അവകാശപ്പെടുമ്പോഴും അതിര്‍ത്തിപ്രദേശത്ത് ഇപ്പോഴും സൈന്യവും തീവ്രവാദികളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അവസാന തീവ്രവാദിയെയും തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ,ഗാസയില്‍ കനത്ത വ്യോമാക്രമണം തുടരുന്ന ഇസ്രയേല്‍ സിറിയയെയും ആക്രമിച്ചു. ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് സിറിയയില്‍ എത്താനിരിക്കെയാണ് യുദ്ധത്തിന് മറ്റൊരു മുഖം നല്‍കുന്ന ആക്രമണം ഉണ്ടായത്. തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ വരുന്നത് തടയാൻ ഇസ്രയേല്‍ മുമ്പും സിറിയൻ വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സിറിയൻ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ഫോണില്‍ സംസാരിച്ചു.
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കൻ നഗരമായ ആലെപ്പോയിലെയും അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം നടത്തിയത്. റണ്‍വേകള്‍ തകര്‍ന്നതോടെ രണ്ടിടത്തും വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ആലെപ്പോയില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി. ഗാസ സംഘര്‍ഷം തുടങ്ങിയ ശേഷം സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം നടക്കുന്നുണ്ടായിരുന്നു. ഹിസ്ബുള്ള ആക്രമണം രൂക്ഷമായതോടെ ലെബനണ്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ സേനാ വിന്യാസം കൂട്ടി.
ഗാസയില്‍ ഇതുവരെ മരണം 1500 ആയി. മൂന്നര ലക്ഷം പേര്‍ ഭവനരഹിതരായി. ഗാസയിലെ ബീച്ച് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്നലെ ഇസ്രയേല്‍ ആക്രമണത്തില്‍ 15 പേര്‍ മരിച്ചു. മറ്റ് നിരവധി കേന്ദ്രങ്ങളിലും പോര്‍വിമാനങ്ങള്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു. ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ വെള്ളമോ വൈദ്യുതിയോ ഇന്ധനമോ മറ്റ് അവശ്യ വസ്തുക്കളോ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഹമാസിനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കി ക്ഷീണിപ്പിക്കാനാണ് ശ്രമം.
അതിനിടെ, വെസ്റ്റ് ബാങ്കില്‍ രണ്ട് പാലസ്‌തീനികളെ ജൂത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.