കാസർഗോഡ് : വെള്ളരിക്കുണ്ട് മലയോര മേഖലയിലൂടെ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കണം. ദേശീയപാതയില്‍ അഞ്ചു മിനിറ്റില്‍ താഴെ ഇടവേളകളില്‍ ബസുകള്‍ ഓടുമ്പോള്‍ മലയോര മേഖലകളില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.
ദേശീയ പാതയില്‍ നേരിട്ട് ഗുരുവായൂര്‍, തൃശൂര്‍ ഭാഗത്തേക്ക് എത്രത്തോളം യാത്രക്കാര്‍ യാത്ര ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളു. എക്സ്പ്രസ് ട്രെയിനുകളില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് കോഴിക്കോടേക്ക് എത്തുമ്പോള്‍ വന്ദേഭാരത് പോലുള്ള ട്രെയിനുകളില്‍ രണ്ടു മണിക്കൂര്‍ മാത്രം മതി. ഇത്തരത്തില്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ദേശീയപാതയില്‍ മാത്രം സര്‍വീസ് നടത്തുന്ന ബസുകളില്‍ കൂടിയ ബസ് നിരക്കും നല്കി യാത്ര ചെയ്യാന്‍ ആരും ഇഷ്ടപ്പെടില്ല. മലയോര മേഖലയില്‍ നിന്ന് ദേശീയ പാതയിലെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വേണമെന്നാണ് മലയോര ജനതയുടെ ആവശ്യം.
കൊന്നക്കാട്, പാണത്തൂര്‍, ബന്തടുക്ക, വെള്ളരിക്കുണ്ട് പോലുള്ള കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് വയനാടുമായി ബന്ധിപ്പിച്ചു കൊണ്ടും വരുമാനം ലഭിക്കുന്ന റൂട്ടിലൂടെ കോഴിക്കോട്, ഗുരുവായൂര്‍, താമരശേരി, നിലമ്പൂര്‍ മേഖലയിലേക്കും മലയോര മേഖലയില്‍ നിന്ന് കൂടുതല്‍ ഇന്റര്‍ സ്റ്റേറ്റ് മംഗലാപുരം സര്‍വീസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി. രാജു എംഎല്‍എമാര്‍ മുഖേന ഗതാഗതമന്ത്രിക്കും സിഎംഡിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കോവിഡിന് മുന്‍പ് സര്‍വീസ് നടത്തിയ ബസുകള്‍ പുനരാരംഭിക്കുക.
പുതിയതായി ആരംഭിച്ച തൃശൂര്‍ നിന്നും, ഗുരുവായൂര്‍ നിന്നുമുള്ള കാസര്‍ഗോഡ് സര്‍വീസുകള്‍ ഒന്‍പതു ദിവസം ഓടിച്ചിട്ട് മലയോര നിവാസികള്‍ അറിയുന്നതിന് മുന്‍പ് നിര്‍ത്തലാക്കിയ സര്‍വീസുകളുടെ ലാഭം വിലയിരുത്താന്‍ സാധിക്കില്ല. ട്രെയിനിന് സമാന്തരമായി ദേശീയ പാതയില്‍ മാത്രം ഓടുന്ന സര്‍വീസുകള്‍ ട്രെയിനുകള്‍ക്ക് സമാന്തരമായി ഇനി അനുവദിക്കേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി മനസിലാക്കിയതിനാല്‍ മലയോര മേഖലയെ ബന്ധിപ്പിച്ചു കൊണ്ടുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പരിഗണന നല്കി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹമാണ്.
മലയോരത്തെ ജനങ്ങള്‍ പുതിയ സര്‍വീസുകള്‍ ആരംഭിച്ചുവെന്ന് അറിയാനുള്ള സാവകാശം കൊടുക്കണം. റൂട്ടിലും സമയത്തിലും വേണ്ട പുനക്രമീകരണം വരുത്തി സര്‍വീസിന് വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടി ഉണ്ടാകണം. പുതിയതായി തുടങ്ങിയ സര്‍വീസുകള്‍ ജനോപകാരപ്രദമായ രീതിയില്‍ റൂട്ടും, സമയവും ക്രമീകരിക്കണമെന്നും, ട്രെയിന്‍ സൗകര്യമില്ലാത്ത മലയോര മേഖലയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണം.
സമയനിഷ്ട പാലിച്ചു ജനോപകാര പ്രദമായ രീതിയില്‍ റൂട്ടും, സമയവും ക്രമീകരിച്ച് കൃത്യസമയം പാലിച്ചു സര്‍വീസ് നടത്തിയാല്‍ താമരശേരി, കുറ്റ്യാടി, പേരാമ്പ്ര മട്ടന്നൂര്‍, ഇരിട്ടി, പയ്യാവൂര്‍, ചെമ്ബേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, പരപ്പ, ചുള്ളിക്കര, കുറ്റിക്കോല്‍ മുതലായ 70 ല്‍ പരം മലയോര ടൗണുകള്‍ക്ക് ഉപകാരപ്രദമായ സര്‍വീസുകളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. വയനാട് ജില്ലയെ ബന്ധപ്പെടുത്തിയും, തലശേരി, തളിപ്പറമ്പ്, ആലക്കോട് വഴിയും, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, അഞ്ചരക്കണ്ടി, പിണറായി വഴിയും കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണം.
ട്രെയിന്‍ സൗകര്യമില്ലാത്ത ബസിനെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയെ കൂടുതല്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. ദേശീയ പാതയില്‍ മാത്രം ഓടുന്ന ബസിനെക്കാളും മലയോര മേഖലയില്‍ നിന്നു കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ക്ക് വരുമാനം ലഭിക്കുന്നുണ്ട്.
വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍ വരുമ്പോള്‍ ദേശീയപാതയിലൂടെ മാത്രം ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് യാത്രക്കാര്‍ കുറയുമ്പോഴും ബസുകളെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയില്‍ നിന്നുള്ള ബസുകള്‍ക്ക് എന്നും ലാഭകരമായി ഓടാന്‍ സാധിക്കും. തൃശൂര്‍ നിന്നോ ഗുരുവായൂര്‍ നിന്നോ നേരിട്ടുള്ള യാത്രക്കാര്‍ കാസര്‍ഗോഡേക്ക് കയറിയില്ലെങ്കിലും 70ല്‍ പരം മലയോര ടൗണുകളിലേക്കുള്ള യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന കാര്യം ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.