കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന കെ.ബി.ഗണേശ്കുമാര്‍ എം.എല്‍.എയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാൻ ഒന്നാംപ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ഗൗരവമുള്ള കുറ്റമാണ് ഗണേശ്കുമാറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഹര്‍ജിക്കാരന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും തെളിയിക്കപ്പെടേണ്ടതുണ്ട്.
പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ഹര്ജിക്കാരന് പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കാനാവും. അതിനാല്‍ ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം തുടരുകയും യുക്തിപരമായ തീരുമാനത്തിലെത്തുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ അതൃപ്തി ഗണേശ്കുമാറിന് ഉണ്ടായിരുന്നുവെന്ന് ഉമ്മൻചാണ്ടിയുടെ മൊഴിയുമുണ്ട്. ഈ സാക്ഷിമൊഴികളുടെകൂടി അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെന്നും ഹൈക്കോടതി പറഞ്ഞു.
അഡ്വ. സുധീര്‍ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗണേശ്കുമാറിനും സോളാര്‍കേസിലെ പ്രതിയായ വനിതയ്ക്കുമെതിരെ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നത്.
പ്രതിയായ വനിത പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ അഭിഭാഷകൻ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിച്ച 25പേജുള്ള കത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി ഉമ്മൻചാണ്ടിയുടെയും മറ്റും പേരുകള്‍ ഉള്‍പ്പെടുത്തിയെന്നുമാണ് സുധീര്‍ബാബുവിന്റെ പരാതി. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഗണേശ്കുമാര്‍ വ്യാജരേഖ ചമച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
25പേജുള്ള കത്താണ് എഴുതിയതെന്ന് യുവതി സോളാര്‍ കമ്മിഷനിലുള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഗണേശ്കുമാറിന്റെ വാദം. ഗണേശ് കുമാര്‍ നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി ഉത്തരവിട്ടിരുന്നു. തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു.ഇന്നലെ അതു നീക്കി.
ഗണേശിന് പദവികള്‍ വഹിക്കാം
സോളാര്‍ കേസ് പ്രതിയുമായി ബന്ധപ്പെട്ട കത്തില്‍ വ്യാജ പേരുകള്ചേര്ത്തെന്ന കേസ് റദ്ദാക്കണമെന്ന കെ. ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത് രാഷ്ട്രീയമായി തിരിച്ചടിയാണെങ്കിലും പദവികള്‍ക്ക് തടസമില്ല എം.എല്‍.എയായി തുടരാം. മന്ത്രിയാവാം. ധാര്‍മ്മികതയുടെ പ്രശ്നം മാത്രമേയുള്ളൂ.
മന്ത്രിയാകാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ജനപ്രതിനിധിയായി തുടരുന്നതിനോ തടസമില്ലെന്ന് നിയമവിദഗ്ദ്ധര്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ തടവിനെങ്കിലും ശിക്ഷിക്കപ്പെട്ടാലേ ജനപ്രതിനിധിയെന്ന നിലയിലെ പ്രവര്‍ത്തനത്തെ ബാധിക്കൂ. സ്വകാര്യ പരാതിയിലെ അന്വേഷണം സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കോടതി ഉത്തരവുകളുടെയോ പരാമര്‍ശങ്ങളുടെയോ പേരില്‍ ജനപ്രതിനിധികള്‍ തീരുമാനമെടുക്കുന്നത്ധാര്മ്മികതയുടെ പേരിലാണ്. നിലപാട് വ്യക്തമാക്കേണ്ടത് ഗണേശ് കുമാറാണെന്നും നിയമവിദഗ്ദ്ധര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.