ഗാസ പൂര്‍ണമായും നിയന്ത്രണത്തിലാക്കി ഇസ്രയേല്‍ സേന. ഇനിയാണ് ഇസ്രയേല്‍ സേനയുടെ കളികള്‍ ഹമാസ് കാണാന്‍ പോകുന്നത്. ഗാസയില്‍ കാലുകുത്തി ഇസ്രയേലിന്റെ കരുത്തന്മാര് യഹലോം യൂണിറ്റ്.
ഗാസ മുനമ്പില്‍ മൂന്നാഴ്ചയോളം തുടര്‍ച്ചയായി ബോംബാക്രമണം നടന്നിട്ടും തുരങ്ക ശൃംഖലയ്ക്ക് ചെറിയ കേടുപാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ ഭൂഗര്‍ഭ ലാബ്രിന്ത് എളുപ്പത്തില്‍ ഭേദിക്കാന്‍ സൈന്യത്തിന് കഴിയില്ലെന്നും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണം നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുന്ന ഇസ്രയേല്‍ പ്രതിരോധ സേന നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും ഈ തുരങ്കങ്ങള്‍. ഭൂമിക്കടിയില്‍ നിന്നെന്ന പോലെ പ്രത്യക്ഷപ്പെടുകയും ആക്രമണം നടത്തി മറയുകയും ചെയ്യുന്ന ഹമാസ് ആയുധധാരികളെയാവും തുരങ്കങ്ങളിലേക്കു കടക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലി സൈനികര്‍ക്കു നേരിടേണ്ടി വരിക.
ഹമാസ് ചെറിയ കില്ലര്‍ ടീമുകളെ രൂപീകരിക്കും, അത് ഭൂമിക്കടിയിലേക്ക് നീങ്ങുകയും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും സ്ട്രൈക്ക് ചെയ്യുകയും ചെയ്യും. തിരിച്ചടിക്കു മുന്‍പ് വേഗത്തില്‍ ഒരു തുരങ്കത്തിലേക്ക് തിരികെ മടങ്ങുകയും ചെയ്യും. മാത്രമല്ല പലവിധ കെണികളും സ്ഫോടക വസ്തുക്കളും ഈ തുരങ്ക ശൃംഖലയെ ഭീകരമാക്കുന്നു.
ഹമാസിന്റെ ലാബ്രിന്ത് തകര്‍ക്കാന്‍ നെതന്യാഹു ഇറക്കിയിരിക്കുന്നത് ഇസ്രയേലിന്റെ കരുത്തരെ തന്നെയാണ് യെഹലോം യൂണിറ്റ്. തുരങ്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രത്യേക യൂണിറ്റുകളും യുദ്ധോപകരണങ്ങളും ഉണ്ട്.
ഐഡിഎഫ് കോംബാറ്റ് എന്‍ജീനീയറിംഗ് കോര്‍പ്സിന് യഹലോം യൂണിറ്റ് പോലെയുള്ള പ്രത്യേക യൂണിറ്റുകള്‍ ഉണ്ട്. ടണലുകളിലെ യുദ്ധം നിയന്ത്രിക്കാനായി ഇസ്രയേല്‍ രൂപീകരിച്ചതാണ് യഹാലോം എന്ന സവിശേഷ കമാന്‍ഡോ യൂണിറ്റ്. അതിലെ സൈനികര്‍ തുരങ്കങ്ങള്‍ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
മോഡേണ്‍ വാര് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോണ്‍ സ്പെന്‍സര്‍ പറയുന്നതു പ്രകാരം ഭൂഗര്‍ഭ യുദ്ധങ്ങള്‍ക്കായും ഇസ്രയേലിനു ആയുധങ്ങളുണ്ട്. തുരങ്കങ്ങളില്‍ അന്വേഷണം നടത്താന്‍ പരിശീലനം ലഭിച്ച ഒകെറ്റ്സ് എന്ന നായ്ക്കളുടെ യൂണിറ്റും ഉണ്ട്.
തുരങ്ക യുദ്ധത്തില്‍ വൈദഗ്ധ്യമുള്ളവരുടെ ഇസ്രയേല്‍ സേന ഗാസ അധിനിവേശത്തിനായി തീവ്രപരിശീലനം നടത്തുന്നുണ്ടെന്നും ഹമാസ് തുരങ്കങ്ങളെ അനുകരിച്ചു നിര്‍മിച്ച തുരങ്കങ്ങളിലാണ് പരിശീലനം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ ബങ്കര്‍ ബസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 'അയണ്‍ സ്റ്റിംങ്' ലേസറും പ്രിസിഷന്‍ ഗൈഡഡ് മോര്‍ട്ടറും യുദ്ധരംഗത്തേക്കു വന്നിട്ടുണ്ട്.
ഹമാസിനെ തുരങ്കയുദ്ധത്തില്‍ നേരിടാനായി സവിശേഷ സ്പോഞ്ച് ബോംബുകളും ഇസ്രയേല്‍ തയാറാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോംബ് എന്നു പേരുണ്ടെങ്കിലും സ്പഞ്ച് ബോംബില്‍ സ്ഫോടകവസ്തുക്കളില്ല.
കെമിക്കല്‍ ഗ്രനേഡുകളാണ് ഇവ. ബോംബ് പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന പത പെട്ടെന്ന് വ്യാപിക്കുകയും ഘനീഭവിക്കുകയും ചെയ്തു. ഗാസയിലെ തുരങ്കങ്ങളില്‍ പോരാടുമ്പോള്‍ കവാടങ്ങളും മറ്റു രഹസ്യവഴികളുമൊക്കെ അടയ്ക്കാനായി സ്പോഞ്ച് ബോംബ് ഉപയോഗിക്കാമെന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്.
ഒരു പ്ലാസ്റ്റിക് കാരിയറിനുള്ളില്‍ രണ്ട് ദ്രാവകങ്ങളടങ്ങിയതാണ് സ്പോഞ്ച് ബോംബ്. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ലോഹപാളിയാണ്. ബോംബ് പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ലോഹപാളി നീങ്ങുകയും ദ്രാവകങ്ങള്‍ തമ്മില്‍ കലരുകയും ചെയ്യും. ഇതോടെയാണ് ബോംബ് പ്രവര്‍ത്തിക്കുന്നത്.ഇസ്രയേല്‍ സേന 2021 മുതല്‍ ഇത്തരം ബോംബുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തുരങ്കങ്ങള്‍ തകര്‍ക്കാന്‍ വെള്ളപ്പൊക്കവും വിഷപ്പുകയും കടത്തിവിടുന്ന രീതിയും പരീക്ഷിക്കും. തുരങ്കങ്ങള്‍. സ്കൂളുകളിലും ആരാധനാലയങ്ങളിലും വീടുകളിലും തുറക്കുന്ന രീതിയില്‍ ഹമാസ് തന്ത്രപരമായാണ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവ തകര്‍ക്കാന്‍ കൃത്യമായ പരീക്ഷണങ്ങള്‍ വേണം. സിവിലയന്‍സിന് അപകടം ഉണ്ടാകാത്ത രീതിയില്‍ വേണം തുരങ്കങ്ങള്‍ തകര്‍ക്കാന്‍.
അതിനാണ് യഹലോം യൂണിറ്റിനെ തന്നെ ഇറക്കിയിരിക്കുന്നത്. തുരങ്കശക്തിയില്‍ അഹങ്കരിക്കുന്ന ഹമാസിന്റെ കോട്ടകള്‍ തകര്‍ത്തെറിയും. യഹലോം യൂണിറ്റിന് സഹായത്തിനായ് യുഎസ് സൈനിക മേധാവികളും ഉണ്ട്. എന്നാല്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു.
അല്‍ ഖസം ബ്രിഗേഡ്സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു. ഇസ്രായേല്‍ ഗാസയില്‍ അതിരൂക്ഷമായ ബോംബാക്രമണം അഴിച്ചുവിട്ടു. ഒരു ആശുപത്രിക്കുള്ളില്‍ നിന്നും പള്ളികള്‍ക്കുള്ളില്‍ നിന്നുമാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേല്‍ ആരോപണം.
വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗ്രൗണ്ട് ഓപ്പറേഷനും തുടങ്ങുന്നതായി ഇസ്രായേല്‍ സൈനികവക്താവ് ദാനിയേല്‍ ഹാഗരി വ്യക്തമാക്കി. ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. അതേശക്തിയില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.