കോഴിക്കോട്: ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.88കോടി നഷ്ടപ്പെട്ടു.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് നാല്പ്പതുകാരനെ ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചുനല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം പേരുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കുംവിധമുള്ള വിവരങ്ങളാണ് നല്‍കിയത്.
കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ആശയവിനിമയം നടത്താന്‍ ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. യൂസര്‍ ഐ.ഡി. നല്കി ഒരു വെബ്സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിന്‍ ചെയ്യിപ്പിച്ചു.
ഇടുന്ന നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകള്‍ അപ്പപ്പോള്‍ കൃത്യമായി വെബ്സൈറ്റില്‍ കാണാമായിരുന്നു. സ്ക്രീന്‍ ഷോട്ടുകളും അപ്പപ്പോള്‍ അയച്ചുകൊടുത്തു.വ്യാജസൈറ്റുകള് വഴിയുള്ള ചതിക്കുഴിയാണെന്നറിയാതെ ബിസിനസുകാരന് പലഘട്ടങ്ങളിലായി വന്‍ നിക്ഷേപമാണ് നടത്തിയത്. മുപ്പതോളംതവണയാണ് ഇടപാട് നടത്തിയത്.
ലാഭമുള്‍പ്പെടെ പണം പിന്‍വലിക്കണമെങ്കില്‍ ഒരുമാസം കഴിയണമെന്നും അറിയിപ്പുകിട്ടിയിരുന്നു. 2,85,82,000 രൂപ നിക്ഷേപിച്ച് അത് അഞ്ചുകോടിയുടെ അടുത്തെത്തിയ കണക്ക് കാണിച്ചപ്പോഴാണ് ബിസിനസുകാരന് പണം പിന്‍വലിക്കാന്‍ മുതിര്‍ന്നത്. അപ്പോള്‍ 20 ശതമാനം ടാക്സ് അടയ്ക്കണമെന്ന നിര്‍ദേശംവന്നു. അതുതന്നെ എണ്‍പത് ലക്ഷത്തിലധികം വരുമെന്നു കണ്ടപ്പോഴാണ് നിക്ഷേപകന് സംശയംതോന്നി.
തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വിശ്വാസയോഗ്യമെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു തട്ടിപ്പുകാരുടെ ഓണ്‍ലൈന്‍ നീക്കങ്ങളെന്ന് കുടുംബസമേതം കോഴിക്കോട്ട് താമസിക്കുന്ന ബിസിനസുകാരന് പരാതിയില്‍ പറഞ്ഞു. ഇത്രവലിയ തുകയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കോഴിക്കോട് രജിസ്റ്റര്‍ചെയ്യുന്നത് ഇതാദ്യമാണെന്ന് സൈബര്‍ പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.