കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിട്ടും മണ്ഡലം പ്രസിഡന്റുമാരെ പോലും പ്രഖ്യാപിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്.
ഗ്രൂപ്പുകള്‍ ഇല്ലെന്നു നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഗ്രൂപ്പുകളുടെ വീതംവയ്ക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണു മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനം വൈകാന്‍ കാരണം. ഇതോടെ ഡി.സി.സി. പുനഃസംഘടനയും അനിശ്ചിതത്വത്തിലായി. മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനുശേഷം ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
താഴേത്തട്ടിലുള്ള നേതാക്കള്‍ക്കു ലഭിക്കുന്ന പരമാവധി പദവിയാണു മണ്ഡലം പ്രസിഡന്റ്, ഡി.സി.സി. ഭാരവാഹി സ്ഥാനങ്ങള്‍. ഇതുപോലും പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും അതൃപ്തിയിലാണ്. മണ്ഡലം പ്രസിഡന്റുമാരെ ഉടന്‍ നിശ്ചയിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പലതവണ സംസ്ഥാന നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിട്ടും നടപടിയില്ല. പുനഃസംഘടന നടക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും.
ഇതിനിടെ സി.പി.എം. നേതൃത്വം വോട്ടര്‍ പട്ടികയില്‍ പേര് ചേര്ക്കുന്നതുള്പ്പടെയുളള പ്രവര്‍ത്തനങ്ങള്‍ ആംഭിക്കാന്‍ താഴേത്തട്ടിലേക്കു നിര്‍ദേശം നല്കി. അതതു ബുത്തുകളുടെ പരിധിയില്‍ വാടകയ്ക്ക് താസമിക്കുന്നവര്ക്കും വോട്ട് ഉറപ്പാക്കണമെന്നാണു നിര്‍ദേശം.
എല്ലാ ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ ഉടന്‍ നിയമിക്കണമെന്നും നിര്‍ദേശം. അംഗീകൃത രാഷ്ട്രീയ പാര്ട്ടികള്ക്കുമാത്രമേ ബുത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കൂ. അതാത് ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെയാണ് ബൂത്ത് ലെവല്‍ ഏജന്റുമാരായി നിയമിക്കുന്നത്. വോട്ടര്‍ പട്ടിക സംബന്ധച്ചുള്ള പരാതികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന ബി.എല്‍.എമാരാണു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ബി.എല്‍.ഒമാരെ അറിയിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നത്. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം തയാറാക്കി നല്‍കണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 27-ന് കരട് വോട്ടര്‍ പട്ടിക വീണ്ടും പ്രസിദ്ധീകരിക്കും. ഇതിന് ശേഷമാണ് പുതുതായി പേരു ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അവസരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.