കൊളംബോ: ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയത്തിൽ ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ. ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടം.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കൻ സ്കോർ 50 റൺസിൽ ഒതുങ്ങിയിരുന്നു. മറുപടി ബാറ്റിങ്ങിൽ വെറും 6.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ 27 റൺസും ഇഷാൻ കിഷൻ 23 റൺസും നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ കഥ കഴിഞ്ഞു. ആറ് വിക്കറ്റെടുത്ത മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. വെറും 16 പന്തുകൾക്കിടയിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡും സിറാജ് സ്വന്തമാക്കി.
മത്സരത്തിന്‍റെ നാലാം ഓവറിൽ നാല് വിക്കറ്റെടുത്താണ് സിറാജ് ശ്രീലങ്കയെ തിരിച്ചുവരാനാകാത്ത തകർച്ചയുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ടത്. ഹർദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും നേടി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ലങ്കൻ ഇന്നിംഗ്സിൽ അഞ്ച് പേർ വിക്കറ്റെടുക്കാതെ പുറത്തായി.
ഓപ്പണർ പത്തും നിസാങ്ക(രണ്ട്), കുശാൽ പെരേര(പൂജ്യം), സധീര സമരവിക്രമ(പൂജ്യം), ചരിത്ത് അസലങ്ക(പൂജ്യം), ധനഞ്ജയ ഡിസിൽവ(നാല്),ദശുൻ ശനക(പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് തുടക്കത്തിലേ നഷ്ടമായത്. ഈ തകർച്ചയിൽനിന്ന് കരകയറാൻ അവർക്ക് സാധിച്ചില്ല.
ആദ്യം ഓവറിലെ മൂന്നാം പന്തിൽ കുശാൽ പെരേരയുടെ വിക്കറ്റ് വീഴ്ത്തി ജസ്പ്രിത് ബുംറയാണ് ദ്വീപുകാരുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തുടർന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി സിറാജ് ആഞ്ഞടിച്ചു. നാലാമത്തെ ഓവറിൽ നാല് വിക്കറ്റുകളാണ് സിറാജ് പിഴുതത്. മഴയെ തുടർന്ന് നനഞ്ഞ ഔട്ട് ഫീൽഡിൽ ഇന്ത്യൻ പേസർമാരുടെ വേഗതയ്ക്കും ബൌൺസിനും മുന്നിൽ ലങ്കൻ മുൻനിര തകർന്നടിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.