ന്യൂഡൽഹി; പുതിയ പാർലമെന്റിലേക്കു മാറുന്നതിനു മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിൽ അനുഭവങ്ങൾ പങ്കിട്ട് നേതാക്കൾ. വികാരനിർഭര നിമിഷമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു ഗണേഷ ചതുർഥി ആശംസകൾ നേർന്നാണു മോദി പ്രസംഗം തുടങ്ങിയത്.
പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്നും മോദി പറഞ്ഞു.‘‘വികസിത ഇന്ത്യക്കായി പ്രതിജ്ഞ പുതുക്കിയാണു പഴയ മന്ദിരത്തിൽനിന്ന് പുതിയതിലേക്കു നമ്മൾ മാറുന്നത്. ഈ മന്ദിരത്തിലും സെൻട്രൽ ഹാളിലും നിറയെ ഓർമകളുണ്ട്. അതു നമ്മളെ വികാരഭരിതരാക്കുകയും കർത്തവ്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്നു.
2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രതിബദ്ധത നാം പുതുക്കുകയാണ്. 1952 മുതൽ 41 ലോകനേതാക്കൾ സെൻട്രൽ ഹാളിനെ അഭിസംബോധന ചെയ്തു. 86 തവണ നമ്മുടെ രാഷ്ട്രപതിമാർ ഇവിടെ സംസാരിച്ചു.
ട്രാൻസ്ജെൻഡേഴ്സിന് ഉൾപ്പെടെ നീതിക്കായുള്ള നിയമനിർമാണങ്ങൾ ഇവിടെ നടന്നു. എല്ലാ നിയമങ്ങളും ചർച്ചകളും ഇന്ത്യയുടെ അഭിലാഷങ്ങൾ പ്രോത്സാഹിപ്പിക്കാനാകണം. ഇവിടെയുള്ള ചിലർക്കു സംശയമുണ്ടെങ്കിലും ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നതിൽ ലോകത്തിന് ആത്മവിശ്വാസമുണ്ട്.
ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഈ പാർലമെന്റ് സാക്ഷിയായി. ഭീകരവാദം, വിഘടനവാദം എന്നിവയെ നേരിടാൻ നിർണായക നീക്കമായിരുന്നു അത്.
ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും അംഗീകാരം നൽകിയതും ഇവിടെ വച്ചാണ്. മുത്തലാഖ് നിരോധനത്തിനും ഇവിടം സാക്ഷിയായി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമിച്ചു. പുതിയ ഊർജത്തിൽ ഇന്ത്യ തിളങ്ങുകയാണ്’’– പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യസഭാ ചെയർമാന്റെയും ലോക്സഭാ സ്പീക്കറുടെയും അധ്യക്ഷതയിലായിരുന്നു പ്രത്യേക സമ്മേളനം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.