തിരുവനന്തപുരം;കൊച്ചിയിലെ ഏജൻസി വഴി യുകെയിലെത്തിയ 400 മലയാളി നഴ്സുമാരിൽ ചിലർ ജീവിക്കുന്നതു പെയിന്റടിക്കാൻ പോയും പുല്ലുവെട്ടിയും. 12.5 ലക്ഷത്തോളം രൂപ ചെലവിട്ടതിന്റെ കടബാധ്യതയുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ 6 മാസമായി ഇവിടെ കുടുങ്ങിയ ഇവർക്ക് ഇതിനിടയിൽ ഏതാനും ദിവസം തൊഴിൽ ലഭിച്ചു.
നിത്യവൃത്തിക്കു മറ്റു ജോലികൾ ചെയ്യുന്നെങ്കിലും വാടക പോലും കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഏതാനും ആഴ്ചയായി ആപ്പിൾ തോട്ടത്തിൽ ജോലിക്കു പോയാണു ജീവിക്കുന്നതെന്നാണ്, ഭാര്യയുടെ സ്വർണം പണയം വച്ചും വായ്പ വാങ്ങിയും യുകെയിലെത്തിയ ഒരാൾ പറഞ്ഞു. നിർധനർക്കുള്ള ഫുഡ്ബാങ്കിൽനിന്നു ഭക്ഷണം കഴിക്കുന്നവരുമുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ തേടി കഴിഞ്ഞദിവസം പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ) മന്ത്രി എസ്.ജയശങ്കറിനു നിവേദനം നൽകിയിരുന്നു. ഈ വർഷമാദ്യമാണ് ഇവരിൽ പലരും യുകെയിലെത്തിയത്. 3 ഘട്ടമായി പണം നൽകി.
ആദ്യം, 5600 രൂപ റജിസ്ട്രേഷൻ ഫീസ്. ഇന്റർവ്യൂ ഘട്ടത്തിൽ 2 ലക്ഷം രൂപ ഫീസായി വാങ്ങി. ബാങ്ക് അക്കൗണ്ട് വഴി നൽകാനാണു നഴ്സുമാർ താൽപര്യപ്പെട്ടതെങ്കിലും വലിയ ജിഎസ്ടി നൽകേണ്ടിവരുമെന്നുപറഞ്ഞു പണമായി വാങ്ങി.
ജോലി ഉറപ്പു നൽകി കൊണ്ടുള്ള കത്തിനു പിന്നാലെ മൂന്നര ലക്ഷവും വീസയുടെ സമയത്തു മറ്റൊരു മൂന്നര ലക്ഷം രൂപയും വാങ്ങി. ഇവ യുകെയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് അയച്ചത്. എന്നാൽ, ലഭിച്ചതു സന്ദർശക വീസയും.
15 വയസ്സിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. യുകെയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ടെന്നു പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ കോ ഓർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.