കോട്ടയം;ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ അനുഗ്രഹംതേടി വൻജനപ്രവാഹം.മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനുകീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു.
ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമപകർന്നു.ബുധനാഴ്ച മധ്യാഹ്നപ്രാർഥനയ്ക്കുശേഷം ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതിമതസ്ഥർ പ്രദക്ഷിണത്തിൽ പങ്കുചേർന്നു.വർണാഭമായ അലങ്കാരങ്ങളും പൊൻവെള്ളിക്കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി.മധ്യാഹ്നപ്രാർഥനാവേളയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുകുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്കുന്ന ഛായാചിത്രത്തിനു പിന്നിൽ കൊടികളും മുത്തുക്കുകടകളും അണിനിരന്നു.പകൽ രണ്ടോടെ മരക്കുരിശുകളും പൊൻവെള്ളിക്കുരിശുകളും റാസയിൽനിരന്നു. തുടർന്നു വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദീകർ റാസയിൽ പങ്കുചേർന്നു.ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ,ഫാ.തോമസ് മറ്റത്തിൽ, ഫാ.ഗീവർഗീസ് നടുമുറിയിൽ എന്നിവർ റാസയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.കൽക്കുരിശ്,കണിയാംകുന്ന് കുരിശിൻതൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി.കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാർഥനയ്ക്കുശേഷം വൈകിട്ട് അഞ്ചോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിയത്.പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ നടതുറക്കൽ ഇന്ന് നടന്നു. പകൽ 11.30ന് മധ്യാഹ്ന പ്രാർഥനയെത്തുടർന്നാണ് നടതുറന്നത്. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ നിർവഹിച്ചു. ഉച്ചയ്ക്ക് 1.30ന് കറിനേർച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാർഥനയും,പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും നടന്നു.9.30 മുതൽ ആകാശവിസ്മയം,മാർഗംകളി, പരിചമുട്ടുകളി തുടർന്ന് പുലർച്ചെ 12ന് കറിനേർച്ച വിതരണവും നടക്കും.പെരുന്നാൾ ദിനമായ ഏട്ടിന് ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടെയും പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കായി തയ്യാറാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.