കച്ചവടത്തെ കലയായി കണ്ട കലാനിധിമാരൻ ' വേറിട്ട വഴികൾ താണ്ടിയ മാരന്റെ ആസ്തി മൂല്ല്യം ഇന്ന് 25000 കോടി രൂപയിൽ എത്തിനിൽക്കുന്നു

ലോക വിപണി ലക്ഷ്യം വച്ച് വന്‍ സിനിമകള്‍ ഇന്ത്യയില്‍ ഒരുങ്ങുന്ന കാലമാണിത്. വൻകിട നിര്‍മാതാക്കളുടെ കുത്തകയായ ഇവിടേക്ക് അതിവേഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് കലാനിധി മാരന്റേത്. ഫോബ്സ് റിപ്പോര്‍ട്ടു പ്രകാരം കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, സാജിദ് നാദിയാദ്‌വാല, റോണി സ്‌ക്രൂവാല തുടങ്ങിയ സമ്പന്നരായ നിര്‍മാതാക്കളെ പിന്തള്ളി കലാനിധി മാരന്‍ കുതിപ്പ് തുടരുകയാണ്.


ഏകദേശം 25000 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മൊത്തം ആസ്തിമൂല്യം. അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ആയിരത്തി ഒന്‍പതാം സ്ഥാനവും ഇന്ത്യയില്‍ 2022ലെ കണക്കനുസരിച്ച് ഏഴുപത്തിയേഴാം സ്ഥാനവുമാണ് ഇദ്ദേഹത്തിനുള്ളത്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ ശ്യംഖലയായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കലാനിധി മാരന്‍ തുടക്കം മുതല്‍ ലക്ഷ്യം വച്ചതൊക്കെയും വന്‍ ബിസിനസുകളാണ്. ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ എന്ന നിലയിലും ശ്രദ്ധേയനാണ്. 2010 മുതല്‍ 15 വരെ സ്‌പൈസ് ജെറ്റിന്റെ നടത്തിപ്പ് ഏറ്റെടുത്തു.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകനും മുന്‍ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ മകനുമാണ് കലാനിധി മാരന്‍. ഇളയ സഹോദരന്‍ ദയാനിധി മാരനും മന്ത്രിയായിരുന്നു. രാഷ്ട്രീയ പാരമ്പര്യം പിന്തുടരുമ്പോഴും കലാനിധി മാരന്‍ ആ വഴിയേ സഞ്ചരിച്ചില്ല. 

സ്വന്തമായൊരിടവും സാമ്രാജ്യവും കെട്ടി ഉയര്‍ത്തുന്നതിനായി നടത്തിയത് അവസാനമില്ലാത്ത പോരാട്ടങ്ങള്‍. പരാജയങ്ങളില്‍ തളരാത്ത മനസ്സും കൃത്യമായ മുന്നൊരുക്കങ്ങളുമായിരുന്നു തന്റെ വിജയങ്ങളുടെ കാരണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമ മേഖലയും അതിന്റെ സാധ്യതകളും ഓരോ കാലഘട്ടത്തിലും അടുത്തറിഞ്ഞു മുന്നേറി. 1990ല്‍ തമിഴില്‍ ആരംഭിച്ച പൂമാലൈ എന്ന വിഡിയോ മാസികയില്‍നിന്ന് തുടക്കം. അതിവേഗത്തില്‍ വളരുന്ന ലോകത്തില്‍ ദൃശ്യമാധ്യമങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് 1993ല്‍ സണ്‍ ടിവിക്ക് തുടക്കമിട്ടു. 

അതൊരു ദൃശ്യ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. അതിവേഗത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് അടുത്ത സംസ്ഥാനങ്ങളിലേക്കും പടര്‍ന്ന സണ്‍ ടിവിയുടെ ചാനലുകള്‍, എഫ്എം സ്റ്റേഷനുകള്‍, ഡിടിഎച്ച് സേവനങ്ങള്‍ എന്നിവ ദക്ഷിണേന്ത്യയ്ക്ക് അതിവേഗത്തില്‍ പരിചിതമായി.

മുപ്പതിലധികം ടെലിവിഷന്‍ ചാനലുകളുള്ള സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സണ്‍ പിക്‌ചേഴ്‌സും ഉദയം കൊണ്ടു. രണ്ടായിരത്തില്‍ ആരംഭിച്ച കമ്പനി സജീവമാകുന്നത് 2010ല്‍ ‘യന്തിരൻ’ എന്ന ചിത്രത്തോടെയാണ്. തുടര്‍ന്ന് തമിഴില്‍ നിരവധി വന്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ തമിഴ് സിനിമാ വ്യവസായത്തിലെ മികച്ച നിര്‍മാതാക്കളുടെ പട്ടികയില്‍ സണ്‍ പിക്‌ചേഴ്‌സും ഇടം പിടിച്ചു.

സാമ്പത്തിക നേട്ടങ്ങളുടെ പട്ടികയില്‍ കലാനിധി മാരന്‍ സവിശേഷമായ സ്ഥാനം നേടി. ചെയ്യുന്ന ബിസിനസുകളില്‍ എത്ര വേണമെങ്കിലും നിക്ഷേപം നടത്താന്‍ എപ്പോഴും തയാറായി നിന്നു. ‘ജയിലര്‍’ വരെ എത്തി നില്‍ക്കുന്ന ആ വിജയങ്ങള്‍ നമ്മോടു പറയുന്നതും അതാണ്. 

ജയിലര്‍ രജനികാന്തിന്റെയും നെൽസന്റെയും സിനിമയായി ആസ്വാദകര്‍ വാഴ്ത്തുമ്പോഴും അത് കലാനിധി മാരന്‍ എന്ന നിര്‍മാതാവിന്റെ ദൃഢനിശ്ചയത്തിന്റെ കൂടി വിജയമാണ്. ജയിലറിന്റെ കഥയുമായി നെല്‍സണെ രജനികാന്തിലേക്ക് എത്തിക്കുന്നത് കലാനിധി മാരനാണ്. സിനിമയിലെ പാട്ടുകളുടെ പ്രകാശനവേളയില്‍ രജനികാന്ത് തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു. 

മാരന്‍ തന്നെ നിര്‍മിച്ച ‘ബീസ്റ്റ്’ പരാജയപ്പെട്ടതോടെ നെല്‍സണുമൊത്ത് ഇനിയൊരു സിനിമ വേണോ എന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ രജനിയോടു ചോദിച്ചിരുന്നു. പക്ഷേ നെല്‍സണുമൊത്തുള്ള ചിത്രം അനൗണ്‍സ് ചെയ്തിട്ട് അതില്‍നിന്നു പിന്‍മാറിയാല്‍  ആ സംവിധായകന്റെ ഭാവി എന്താകുമെന്ന ആശങ്ക രജനികാന്തിനുണ്ടായിരുന്നു. 

എന്തായാലും തീരുമാനം നിര്‍മാതാവിന് വിട്ടു. വൈകാതെ കലാനിധി മാരന്റെ കുറച്ചാളുകള്‍ രജനികാന്തിനെ കാണാനെത്തി. ‘ബീസ്റ്റ്’ തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയംകണ്ടില്ലെങ്കിലും നിര്‍മാതാവിന് സാമ്പത്തികമായി ലാഭമായിരുന്നുവെന്ന് താരത്തെ ബോധ്യപ്പെടുത്തി. നിര്‍മാതാവ് ഓക്കെ എങ്കില്‍ താനും ഓക്കെ എന്ന നിലപാടായിരുന്നു രജനികാന്തിന്റേത്. 

ആ ഉറപ്പില്‍ പിറന്ന ‘ജയിലര്‍’ തമിഴ്‌സിനിമാ ചരിത്രത്തിന്റെ തന്നെ ഭാഗമായി.മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരങ്ങളെ വന്‍ പ്രതിഫലം സിനിമയിലേക്ക് എത്തിച്ചു. അപ്പോഴേക്കും ഒരു രജനി ചിത്രത്തിന് താങ്ങാവുന്നതിനും അപ്പുറം സിനിമയുടെ ബജറ്റ് കടന്നിരുന്നു. അതിനെയൊക്കെ അനായാസം മറികടന്ന്, കളമറിഞ്ഞു കളിക്കാന്‍ കലാനിധിമാരന്റെ അതിബുദ്ധിക്കു കഴിഞ്ഞു. 

ഏതു നിര്‍മാതാവിനും താങ്ങാവുന്നതിനും അപ്പുറം സിനിമയുടെ ബജറ്റ് കുതിച്ചപ്പോഴും രജനിയിലും നെല്‍സണിലും അദ്ദേഹം പൂര്‍ണമായി വിശ്വസിച്ചു. സിനിമ കോടികള്‍ വാരുമ്പോള്‍ അതില്‍നിന്നു വലിയൊരു പങ്ക് തന്റെ സഹപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ മാരന്‍ മറന്നില്ല എന്നതാണ് ആ മനസ്സിന്റെ വലുപ്പം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !