പാലക്കാട് യുവാക്കളുടെ മൃതദേഹം പാടത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്; കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്തു കിടന്നതായി പൊലീസ് കണ്ടെത്തി. പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. 

കാട്ടുപന്നിയെ കുടുക്കാനായി വച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണു നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ ജെ.ആനന്ദ് കുമാർ (52), തിങ്കളാഴ്ച രാവിലെ വയലിലെത്തിയപ്പോഴാണ് 2 പേർ ഷോക്കേറ്റു മരിച്ചു കിടക്കുന്നതു കണ്ടത്. 

എന്നാൽ വൈദ്യുതിക്കെണിയിൽനിന്നു വൈദ്യുതി വിഛേദിച്ചു വീട്ടിലേക്കു മടങ്ങി. മൃതദേഹങ്ങൾ കുഴിച്ചിട്ടതുൾപ്പെടെ തെളിവു നശിപ്പിച്ചത് അന്നു രാത്രിയിലാണ്.ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്ത് കിടന്നിട്ടും ആരും കണ്ടെത്തിയില്ല. രാത്രി 10 മണിക്കു സ്ഥലത്തെത്തിയ ആനന്ദ് 10 മീറ്റർ ദൂരേക്കു വലിച്ചു നീക്കി കുഴിച്ചിട്ടു. 

മൃതദേഹങ്ങളിൽനിന്നു വസ്ത്രങ്ങൾ മാറ്റി കത്തി ഉപയോഗിച്ചു വയറു കീറിയിട്ടാണു കുഴിയിലേക്കു ചവിട്ടിത്താഴ്ത്തിയത്. മൃതദേഹങ്ങളിൽനിന്ന് അഴിച്ചെടുത്ത വസ്ത്രങ്ങളും വൈദ്യുതിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പു കമ്പികളും ചെരുപ്പും ചൊവ്വാഴ്ച രാവിലെ മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു. 

കനാലിന്റെ എതിർഭാഗത്തെ കാട്ടിൽനിന്നു യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോണും കണ്ടെത്തി. പ്രതിയുടെ കൃഷിയിടത്തിലെ പഴയ ഫ്രിജിലാണു മൺവെട്ടി സൂക്ഷിച്ചിരുന്നത്. പേടിച്ചിട്ടാണു തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് ആനന്ദ് പൊലീസിനോടു പറഞ്ഞു. എസി മെക്കാനിക് ആയ ആനന്ദിന് ഇലക്ട്രിക് പണികളും അറിയാം. 

വീടിനു പുറത്തെ കുളിമുറിയിൽനിന്ന്, 100 മീറ്ററോളം അകലെ കൃഷിയിടത്തിലേക്കുള്ള പൈപ്പിനുള്ളിലൂടെ ഇൻസുലേറ്റഡ് വയറിട്ടാണു വൈദ്യുതി എത്തിച്ചത്. ഇത് ഇരുമ്പു നൂൽക്കമ്പിയുമായി ബന്ധിപ്പിച്ചാണു വൈദ്യുതിക്കെണി ഒരുക്കിയത്. ലൈനിന്റെ 2 ഭാഗത്തും ആവശ്യമെങ്കിൽ വൈദ്യുതി കടത്തി വിടാനും വിച്ഛേദിക്കാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ പാൽനീരി കോളനിക്കു സമീപത്തെ വയലിലൂടെ ഷിജിത്ത് മുൻപിലും സതീഷ് പിന്നിലുമായി ഓടിയെന്ന നിഗമനത്തിലാണ് പൊലീസ്. ഷിജിത്തിന്റെ ഇടതു കാൽമുട്ടിനു മുകളിൽ ഷോക്കേറ്റതിന്റെ സൂചനയുണ്ട്. കയ്യിൽ പുല്ലുമുണ്ടായിരുന്നു. ആദ്യം ഓടിവന്ന ഷിജിത്ത് തെറിച്ചുവീഴുകയും പുല്ലിൽ മുറുക്കി പിടിക്കുകയും ചെയ്തുവെന്നും ഷിജിത്ത് തട്ടിയതോടെ വൈദ്യുതക്കെണി മണ്ണിലേക്കു വീണുവെന്നും കരുതുന്നു. 

തൊട്ടുപിന്നാലെ വന്ന സതീഷിനും കാൽപാദത്തിലൂടെയാണു ഷോക്കേറ്റതെന്നാണു നിഗമനം.മൃതദേഹങ്ങൾ രാവിലെ 8.45ന് ആർഡിഒ ഡി.അമൃതവല്ലിയുടെ നേതൃത്വത്തിൽ പൊലീസ് പുറത്തെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഎസ്പിഎ ഷാഹുൽ ഹമീദ്, ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, തഹസിൽദാർമാരായ വി.സുധാകരൻ, ടി.രാധാകൃഷ്ണൻ, ഫൊറൻസിക് സർജൻ ഡോ.പി.ബി.ഗുജ്റാൾ, ജില്ലാ ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, എൻ.എസ്.രാജീവ്, അനീഷ് കുമാർ, 

എസ്ഐമാരായ വി.ഹേമലത, ഐ.സുനിൽ കുമാർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.പി.സന്തോഷ്, ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.ഷീന, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.നൗഫൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ∙ സംഭവങ്ങളുടെ തുടക്കം ഞായറാഴ്ച രാത്രി വേനോലിയിലുണ്ടായ അടിപിടിയോടെയാണു സംഭവങ്ങളുടെ തുടക്കം. 

സംഭവത്തിൽ പരുക്കേറ്റയാൾ കസബ സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഭിൻ, അജിത്ത്, മരിച്ച സതീഷ്, ഷിജിത്ത് എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെയാണ് ഇവർ അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ കസബ പൊലീസിൽ പരാതി നൽകിയിരുന്നു. 

എന്നാൽ, ഇവർ അടിപിടിക്കേസിൽ പ്രതികളായതിനാൽ ഒളിവിൽ പോയതാകാമെന്നു സംശയിച്ചു പൊലീസ് ബന്ധുക്കളെ മടക്കി അയച്ചു. അഭിനും അജിത്തും തിരികെ എത്തിയെന്നും മറ്റു രണ്ടുപേർ എത്തിയില്ലെന്നും ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇവർ കീഴടങ്ങിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പാടത്തിനു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ സതീഷും ഷിജിത്തും പാടത്തു കൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു. തുടർന്നാണു തിരച്ചിൽ നടത്തിയത്. പരാതി അന്വേഷിക്കാൻ വൈകിയെന്ന് മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ ആരോപിച്ചു.

അനധികൃത വൈദ്യുതി വേലി കുറ്റമാണ് സ്വകാര്യ സ്ഥലങ്ങളിലെ അനധികൃത ഫെൻസിങ് ഗുരുതരമായ കുറ്റമാണ്. കെഎസ്ഇബിക്കും വനം വകുപ്പിനും വിവിധ തരത്തിൽ കേസെടുക്കാം. കഴിഞ്ഞ ദിവസം കരിങ്കരപ്പുള്ളിയിൽ സംഭവിച്ചതുപോലെ മനുഷ്യജീവന് അപകടകരമാകുന്ന സാഹചര്യത്തിൽ പൊലീസിനു കേസെടുക്കാം. 

വീടുകളിലെയും മോട്ടർ പുരകളിലെയും കണക്‌ഷൻ പ്ലഗിൽ വയർ കുത്തി കമ്പിവേലിയിലേക്കും മറ്റും വൈദ്യുതി കടത്തിവിടുന്നതു വൈദ്യുതി മോഷണമാണ്. കാട്ടുമൃഗങ്ങളെ കുടുക്കാൻ കുരുക്കിട്ട് അതിലേക്കു വൈദ്യുതി കടത്തിവിടുന്നത് ഈ വിധമാണ്. കമ്പിയിൽ തട്ടി ആരെങ്കിലും ഷോക്കേറ്റു മരിച്ചാൽ നരഹത്യയ്ക്കു വരെ കേസെടുക്കും. ∙ ശിക്ഷാർഹമെന്നു വനംവകുപ്പും

അനധികൃത ഫെൻസിങ്, കെണി എന്നിവ ഒരുക്കുന്നവർക്കു മൂന്നു വർഷം വരെ തടവുശിക്ഷ, അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചുള്ള ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പും അറിയിച്ചു.സ്വകാര്യ ഫെൻസിങ് സ്ഥാപിക്കുന്നതിനു വൈദ്യുതി വകുപ്പിന്റേതടക്കം അനുമതി വേണം. 

ഹൃദയ സ്പന്ദനം പോലെ വൈദ്യുതി ഇടവിട്ടു പ്രവഹിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനം. വീട്ടിൽ നിന്നു വൈദ്യുതിയെടുക്കുമ്പോഴും സോളർ ഫെൻസിങ്ങിനും പ്രത്യേക അനുമതി വേണം.തനിച്ചായി, 2 കുടുംബങ്ങൾ കരിങ്കരപ്പുള്ളി ദുരന്തത്തിൽ നഷ്ടമായതു 2 കുടുംബങ്ങളുടെ പ്രതീക്ഷകൾ കൂടിയാണ്. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി സതീഷിന്റെ മരണത്തോടെ പ്രായമായ അമ്മയും മുത്തശ്ശിയും മാത്രമായി. 

സതീഷിന്റെ അച്ഛൻ മാണിക്യൻ നേരത്തെ മരിച്ചു. ഇതോടെ കുടുംബത്തെ നോക്കിയതു സതീഷായിരുന്നു. പ്ലസ്ടുവിനു ശേഷം പെയിന്റിങ്ങും മറ്റു ജോലികളും ചെയ്തിരുന്നു. സതീഷും ഷിജിത്തും സ്കൂൾ പഠന കാലം മുതൽ കൂട്ടുകാരായിരുന്നു. നാട്ടിലെ എല്ലാ പരിപാടിക്കും ഇവർ ഒരുമിച്ചാണ് എത്തിയിരുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !