വിയ്യൂർ : വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോൻ (36) ആണ് അറസ്റ്റിലായത്. അച്ചടക്കനടപടികളുടെ ഭാഗമായി ഇയാൾ മൂന്നുമാസമായി സസ്പെൻഷനിലാണ്. വിയ്യൂർ ജയിലിൽ സ്ഥിരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാർഥങ്ങളും പരിശോധനയിൽ കണ്ടെത്താറുണ്ട്.കോടതി അനുമതിയോടെ വിയ്യൂർ പോലീസ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. നൂറുരൂപ വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു ഇയാൾ.
പുകയില ഉത്പന്നങ്ങൾ തടവുകാർ വാങ്ങുന്നതിനുമുമ്പ് അവരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചുവെന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഒട്ടേറെ അനധികൃതമായ പണമിടപാടുകൾ നടന്നിട്ടുള്ളതായി പോലീസിന് ബോധ്യമായി.
ഇതേ ആരോപണം നേരിട്ടതിന്റെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിവന്നത്. കാലടിയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
എസ്.എച്ച്.ഒ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. എബ്രഹാം വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ജോഷി ജോസഫ്, പി.സി. അനിൽകുമാർ, അനീഷ്, ടോമി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.