തിരുവനന്തപുരം; ആസ്ട്രൽ പ്രൊജക്‌ഷന്റെ പേരുപറഞ്ഞ് അച്ഛനും അമ്മയും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡൽ ജിൻസൺ രാജയുടെ ആവശ്യം കോടതി തള്ളി. കൊലപാതകം നടത്തുമ്പോൾ പ്രതി മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസിന് ഒന്നാം അഡി.സെഷൻസ് കോടതി നിർദേശം നൽകി.
ആസ്ട്രൽ പ്രൊജക്‌ഷന്റെ പേരുപറഞ്ഞ് അമ്മയും അച്ഛനും ഉൾപ്പെടെ നാലുപേരെ കാഡൽ ജിൻസൺ രാജ കൊലപ്പെടുത്തിയെന്നാണു കേസ്.കാഡൽ വർഷങ്ങളായി മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം നടക്കുമ്പോൾ കാഡൽ മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നു എന്നതിനു തെളിവുകൾ ഹാജരാക്കാനും പ്രതിഭാഗത്തിനായില്ല.പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഇതു വിശ്വസിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. തുടർന്നാണ്, കൊലപാതകം നടക്കുമ്പോൾ കാഡൽ ചികിത്സയിൽ ആയിരുന്നോ എന്ന് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ പൊലീസിനു കോടതി നിർദേശം നൽകിയത്. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.
2017 ഏപ്രിൽ ഒൻപതിനാണു ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻപത്മ, മകൾ കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി.
ഏക മകനായ കാഡൽ ജിൺസൺ രാജയെ കാണാനില്ലായിരുന്നു. രാജ തങ്കത്തിന്റെയും ജീൻപത്മയുടെയും കരോളിന്റെയും മൃതശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.ബന്ധുവായ ലളിതയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി പുഴുവരിച്ച നിലയിലായിരുന്നു. താനും കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹത്തിന്റെ രൂപത്തിൽ ഡമ്മിയുണ്ടാക്കി കത്തിച്ചശേഷമാണു കാഡൽ ഒളിവിൽപോയത്.
പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെ തമിഴ്നാട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന കാഡൽ തലസ്ഥാനത്തേക്കു മടങ്ങിയെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. കോടതിയുടെ അനുമതിയോടെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ച കാഡലിനെ പിന്നീട് പേരൂർക്കട മാനസികരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ദീർഘനാൾ അവിടെ ചികിത്സ.
പിന്നീട് മെഡിക്കൽ ബോർഡ് യോഗം ചേർന്ന്, കിടത്തിച്ചികിത്സ വേണ്ടെന്നും ഇടവേളകളിൽ ഡോക്ടർ പരിശോധന നടത്തി കൃത്യമായി മരുന്നുകൾ നൽകണമെന്നും നിർദേശിച്ചു.സെൻട്രൽ ജയിലിൽ മാനസികാരോഗ്യ പ്രശ്നമുള്ളവരെ താമസിപ്പിക്കുന്ന ബ്ലോക്കിൽ കാഡലിനെ പ്രത്യേക സെല്ലിൽ ഒറ്റയ്ക്കാക്കി. വിചാരണയ്ക്കു പറ്റിയ ശാരീരിക സ്ഥിതി അല്ലെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ വിചാരണ തുടങ്ങാനായിട്ടില്ല.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഒരറിവും കാഡലിന് ഇല്ലെന്ന് ജയിൽ അധികൃതർ പറയുന്നു. അടിക്കടി സ്വഭാവത്തിൽ മാറ്റം വരും. കുളിക്കാനും വെയിൽ കൊള്ളാനുമായി 15 മിനിറ്റ് മാത്രമാണ് സെല്ലിൽനിന്ന് പുറത്തിറങ്ങുന്നത്. മാതാപിതാക്കളെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ നടന്ന സംഭവങ്ങളെക്കുറിച്ചോ ഓർമയില്ല. കേസിന്റെ കാര്യങ്ങൾ അപൂർവമായി ഉദ്യോഗസ്ഥരോടു ചോദിക്കും.
ഉയർന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കാഡലിന്റെ കുടുബം. അച്ഛൻ രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രഫസർ ആയിരുന്നു. അമ്മ ഡോ.ജീൻപത്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്നു സ്വയം വിരമിച്ചു. അതിനുശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തു.
മകൾ കരോളിൻ ചൈനയിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനു മൂന്നു മാസം മുൻപാണ്. കേഡൽ ജിൻസൺ ഓസ്ട്രേലിയയിൽനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ചയാളാണ്.
ചോദ്യം ചെയ്യലിനിടെ പ്രതി അടിക്കടി മൊഴി മാറ്റിയത് ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. ആദ്യം ആസ്ട്രൽ പ്രൊജക്‌ഷന്റെ കാര്യം പറഞ്ഞ ഇയാൾ പിന്നീട് വീട്ടുകാരുടെ തന്നോടുള്ള അവഗണനയും നിരാശയുമാണ് കൊലപാതകത്തിനു കാരണമെന്നാണു വിശദീകരിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.