തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാംനാളിലും മുഖ്യമന്ത്രി പിണറായി വിജയന് മൗനം. വോട്ടെണ്ണല്‍ ദിനത്തില്‍ തിരുവനന്തപുരത്തുണ്ടായിരുന്ന മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാൻ എ.കെ.ജി സെൻററില്‍ എത്തിയെങ്കിലും പ്രതികരിച്ചില്ല.
തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച തലശേരി ബ്രണ്ണന്‍ കോളജിലും ധര്‍മടത്തെ മറ്റ് രണ്ടുവേദികളിലും പുതുപ്പള്ളിയും സമീപകാല രാഷ്ട്രീയ വിഷയങ്ങളും പിണറായി പരാമര്‍ശിച്ചില്ല. ബ്രണ്ണന്‍ കോളജിലെ വൈകാരികത മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍.സമൂഹ മാധ്യമങ്ങളിലും ഒന്നും കുറിച്ചില്ല. മുഖ്യമന്ത്രിയുടെ മൗനം ആയുധമാക്കി പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷം.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റുമെല്ലാം മുഖ്യമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് രംഗത്തെത്തി. എന്തുകൊണ്ട് ഇത്രവലിയ വോട്ട് വ്യത്യാസമെന്ന ചോദ്യവുമായി പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്തുവന്നിരുന്നു.
മറ്റ് ചില നേതാക്കളും സമാന അഭിപ്രായം നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്. ഭരണവിരുദ്ധവികാരം പരിശോധിക്കണമെന്ന പൊതുവികാരമാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. പുതുപ്പള്ളി ഫലം ഇടതുമുന്നണിയില്‍ വിതച്ച ആശങ്കകള്‍ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയാണ് തിരിയുന്നത്.
എല്ലാം പരിശോധിച്ച് ആവശ്യമായ നടപടികളുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. പുതിയ സാഹചര്യത്തില്‍ ഭരണവിരുദ്ധ വികാരവും ആരോപണങ്ങളും സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നേതൃയോഗത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. അപ്പോഴും മുഖ്യമന്ത്രി മൗനം തുടരുമോയെന്നതാണ് ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.