വാഷിങ്ടണ്‍: നാസയുടെ ഒസൈറിസ് റെക്സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി 8.12നാണ് സാമ്പിള്‍ റിട്ടേണ്‍ കാപ്സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23ന് കാപ്സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു.
ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്. പ്രധാന പേടകത്തിന് മുകളിലായി ഘടിപ്പിച്ച ചെറിയൊരു കാപ്സ്യൂളിലാണ് സാമ്പിളുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018ലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തിയത്. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു.
2020 ഒക്ടോബറിലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ തൊട്ടത്. ഛിന്നഗ്രഹത്തെ സ്പര്‍ശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പറന്നുയരുന്ന 'ടച്ച് ആന്‍ഡ് ഗോ' ശൈലിയിലാണ് ദൗത്യം രൂപകല്പന ചെയ്ത്. പേടകം ബെന്നുവിന്റെ ഉപരിതലത്തില്‍ സ്പര്‍ശിച്ച ഉടന്‍ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ ഉപരിതലം ചിതറിത്തെറിച്ചത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പേടകം സാമ്പിളുകള്‍ ശേഖരിച്ചത്.
രണ്ട് വര്‍ഷം മുമ്പ് ബെന്നുവില്‍ നിന്ന് പുറപ്പെട്ട ഒസൈറിസ് റെക്സ് എന്ന പ്രധാന പേടകം ഇന്ന് ഭൂമിയോട് അടുക്കുകയും സാമ്പിള്‍ ശേഖരിച്ച കാപ്സ്യൂള്‍ അതില്‍ നിന്ന് വേര്‍പെടുകയും ചെയ്തു.ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.