ലണ്ടൻ: കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ ഹേവാർഡ്സ് ഹീത്ത് NHS ഹോസ്പിറ്റൽ ജീവനക്കാരനായ യുകെ മലയാളി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹോസ്പിറ്റലിൽ ജോലിക്ക് പോയ റെജി ജോൺ (53) യെ ബുധനാഴ്ച്ച വൈകുന്നേരത്തോടെ ആശുപത്രിക്കു സമീപം കാർപാർക്കിൽ കാറിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
മരിച്ച റെജിയുടെ ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഓപ്പോസിറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഇരുവരും അന്നു രാവിലെ പരസ്പരം കണ്ടിരുന്നില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ എത്തിയ ഭാര്യ, റെജി വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കി മലയാളികളായ പരിചയക്കാരുടെ സഹായം തേടുകയായിരുന്നു.
പാരാമെഡിക്കൽ സംഘമെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചില ദിവസങ്ങളിൽ ആശുപത്രിയിലെ ജോലിക്കു ശേഷം ഡോമിനോസിന്റെ പീസ ഡെലിവറിക്കും പോകാറുണ്ടായിരുന്നു. ജോലിക്ക് ശേഷം വൈകുന്നേരങ്ങളിൽ പിസ്സാ ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാല്‍ അങ്ങനെ ജോലിയിലായിരിക്കുമെന്നു കരുതി ഫോണും ചെയ്യാനായില്ല.
ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാട്‌സാപ് ഗ്രൂപ്പിലാണ് മരണ വിവരം ആദ്യം എത്തിയതും യുകെ മലയാളികൾ അറിഞ്ഞു തുടങ്ങിയതും. പള്ളി വികാരി ഫാ. മോബിന്‍ വർഗീസാണ് ദുഃഖ വാര്‍ത്ത പങ്കുവച്ചത്. ആത്മീയ കാര്യങ്ങളിലും സജീവമായിരുന്നു. റെജി. ഗൾഫിൽ ആയിരുന്ന റെജിയും കുടുംബവും ഒന്നര വര്‍ഷം മുൻപാണ് യുകെയിൽ എത്തുന്നത്.
രണ്ടാഴ്ച മുന്‍പ് പ്രാദേശികമായി നടന്ന ഓണാഘോഷത്തില്‍ ഏറെ സജീവമായിരുന്ന റെജിയുടെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മകള്‍ അന്യ മേരി റെജി യുകെയിലും മകന്‍ ആബേല്‍ റെജി കേരളത്തിലും പഠിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. പത്തനംതിട്ട കോന്നി കിഴവള്ളൂർ വലിയപറമ്പില്‍ കുടുംബാംഗവും കോന്നി കിഴവള്ളൂർ സെന്റ്. പീറ്റർ ഓർത്തഡോക്സ് പള്ളി ഇടവകാംഗവുമാണ്.
റെജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും റെജിയുടെ ഇടവക പള്ളിയായ ക്രോളി ഹോളി ട്രിനിറ്റി ഓർത്തോഡോക്സ് പള്ളി അംഗങ്ങളോടൊപ്പം വിവിധ മലയാളി സംഘടനകൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.