കൊട്ടാരക്കര: സോളാര്‍ പീഡന പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തതാണെന്ന കേസില്‍ കെബി ഗണേശ് കുമാര്‍ എംഎല്‍എ കോടതിയില്‍ നേരിട്ട് ഹാജരാകണം.
പ്രതികള്‍ക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്ന് സിബിഐയും കണ്ടെത്തിയതോടെയാണ് ഇടവേളക്കുശേഷം കേസ് വീണ്ടും ചര്‍ച്ചയായത്. ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ കെ.ബി. ഗണേശ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ഗണേശ് കുമാര്‍, ഗണേശിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരി ജയിലില്‍ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേശ് കുമാര്‍ കത്ത് കൈവശപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നത്. ഗണേശ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തില്ലെന്നാണ് ഗണേശും ശരണ്യാ മനോജും പറയുന്നത്.
പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാള്‍ ആണെന്നും മൊഴി ലഭിച്ചിരിക്കുകയാണ്. ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. കൊട്ടാരക്കര കോടതിയിലെ കേസിലും ഇതെല്ലാം നിര്‍ണ്ണായകമാകും.
സോളാര്‍ കമ്മിഷൻ മുമ്പാകെ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നിര്‍ണായകമാണ്. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി എഴുതിയ കത്തില്‍ മുന്മന്ത്രി കെ.ബി. ഗണേശ്‌കുമാറിനെതിരേ 2018-ല്‍ ഉമ്മൻ ചാണ്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ച ഗണേശിന് സ്ഥാനം തിരികെ ലഭിക്കാത്തതിനാല്‍ തന്നോടും യു.ഡി.എഫ്. നേതാക്കേളാടും വിരോധം ഉണ്ടെന്നായിരുന്നു മൊഴി. പരാതിക്കാരി വ്യാജരേഖകള്‍ ഹാജരാക്കി സോളാര്‍ അന്വേഷണ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.
പത്തനംതിട്ട ജയിലില്‍ കഴിയുന്നതിനിടെ എഴുതിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് നാലു പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുംകാട്ടി അഡ്വ. ജോളി അലക്സ് മുഖേന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീര്‍ ജേക്കബാണ് കേസ് ഫയല്‍ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ പ്രതികളാക്കി അവരുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാൻ ഗണേശ്‌കുമാറും സോളര്‍ കേസിലെ പരാതിക്കാരിയും കൊട്ടാരക്കര കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയെന്നും പ്രദീപ് കോട്ടാത്തല, ഗണേശിന്റെ ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് കേസ്.
കത്തില്‍ ഉമ്മൻ ചാണ്ടിക്കെതിരേ െലെംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് ശരണ്യ മനോജ് വ്യക്തമാക്കിയിട്ടുണ്ട്. കേസിലേക്കു ഗണേശ്‌കുമാറിന്റെ പേര് വലിച്ചിഴയ്ക്കേണ്ടതില്ല. ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടാണ് താൻ വിഷയത്തില്‍ ഇടപെട്ടത്. ഗണേശിന്റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയത്. ദല്ലാള്‍ നന്ദകുമാറാണ് ഒരു ചാനലിന് കത്ത് കൈമാറിയത്. കേസില്‍ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് ഗണേശ്‌കുമാര്‍ മൊഴി കൊടുത്തതെന്നാണു മനസിലാക്കുന്നതെന്നും ശരണ്യ മനോജ് പറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.