കൊച്ചി: ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതല്‍ ശമ്പളം ലഭിക്കുന്ന വരെ സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്നുള്ള റഫറൻസ് കേസുകള്‍ എടുക്കാതെ സൂചന പണിമുടക്ക് നടത്തുമെന്ന് .സിഐ.ടി.യു തൊഴിലാളി യൂണിയൻ വ്യക്തമാക്കി.
അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് 108 ആംബുലൻസ് സേവനം തടസമില്ലാതെ ലഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച മുതല്‍ ഒരു ആശുപത്രിയില്‍ നിന്ന് അടുത്ത ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കും മറ്റും രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസുകളുടെ സേവനം ലഭിക്കാതെ വരും.
ഇതോടെ രോഗികള്‍ പണം നല്‍കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും എന്നാണ് കരുതുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.എം.ആര്‍.ഐ എന്ന സ്വകാര്യ കമ്പനി ശമ്പളം അകാരണമായി തടഞ്ഞ് വെച്ചിരിക്കുന്നത് എന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
കൃത്യമായി ഒരു ശമ്പള തിയതി തങ്ങള്‍ക്ക് ഇല്ലാ എന്നും ഓരോ മാസവും ശമ്പളം വൈകി വരുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നും ജീവനക്കാര്‍ പറയുന്നു. യൂണിയനും കമ്പനിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും പത്താം തിയതിക്ക് ഉള്ളില്‍ ശമ്പളം നല്‍കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പലപ്പോഴും ലംഘിക്കപ്പെട്ടതായി യൂണിയൻ തൊഴിലാളികള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. പല തവണ ഇതുമായി ബന്ധപ്പെട്ട് കമ്ബനിയെ സമീപിച്ചെങ്കിലും കൃത്യമായി ഒരു ശമ്പള തിയതി ഉറപ്പ് നല്‍കാൻ കമ്പനി തയ്യാറായില്ല എന്ന ആരോപണവും ഉണ്ട്.
സംസ്ഥാന സര്‍ക്കാരിൻ്റെ കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് ആണ് 108 ആംബുലൻസ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കരാര്‍ കമ്പനിക്ക് ഫണ്ട് നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ 35 കോടിയിലേറെ രൂപ കരാര്‍ കമ്പനിക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ നല്‍കാൻ കുടിശ്ശിക ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്‍ക്കാരിന്‍റെ ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സൗജന്യ ആംബുലൻസ് പദ്ധതിയാണ് 108 ആംബുലൻസ് പദ്ധതി.
സംസ്ഥാനത്ത് ഉടനീളം 316 ആംബുലൻസുകള്‍ ആണ് പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. 1300 ലേറെ ജീവനക്കാര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജോലി നോക്കുന്നുണ്ട്. കൊവിഡ് - നിപ്പാ പെമാരികളാല്‍ സംസ്ഥാനം വിറങ്ങലിച്ചപ്പോള്‍ ഒക്കെ മുൻ നിര പോരാളികളായി 108 ആംബുലൻസ് ജീവനക്കാര്‍ രംഗത്ത് ഉണ്ടായിരുന്നു.
മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ റിസ്ക് അലവൻസ് നല്‍കിയെങ്കിലും 108 ആംബുലൻസ് ജീവനക്കാരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കുറിയും തുടക്കം മുതല്‍ തന്നെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 108 ആംബുലൻസുകളും അതിലെ ജീവനക്കാരെയും വിന്യസിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.