കൊച്ചി : കേരളത്തിലെ കൈത്തറി മേഖലയ്ക്ക് തിരിച്ചടിയായി യൂണിഫോമുകള്‍ക്ക് നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനുമായി കരാറുണ്ടാക്കി കെ.എസ്.ആര്.ടി.സി.
ഇളം നീലനിറത്തില്നിന്ന് കാക്കിയിലേക്കു മടങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും രണ്ടു മാസത്തിനകം രണ്ടു ജോഡി വീതം യൂണിഫോമുകള്‍ കോര്പറേഷന് വിതരണം ചെയ്യും. ഇരുപതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് യൂണിഫോം സൗജന്യമായി നല്‍കും.
സര്‍ക്കാര്‍ സബ്സിഡിയില്‍ മൂന്നുകോടി രൂപ ചെലവിട്ടാണ് തുണിവാങ്ങുന്നത്. അതേസമയം, മെക്കാനിക്കല്‍ വിഭാഗത്തിലുള്ളവര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തിനുശേഷമാണ് കാക്കി യൂണിഫോം തിരിച്ചെത്തുന്നത്.
കണ്ണൂര്‍ ആസ്ഥാനമായി ഹാന്‍ഡ്വീവും തിരുവനന്തപുരം ആസ്ഥാനമായി ഹാന്ഡ്ടെക്സും പ്രവര്‍ത്തിക്കുമ്പോഴാണ് ദേശീയ ഏജന്‍സിക്ക് ഇത്രയും വലിയ തുകയുടെ ഓര്‍ഡര്‍ നല്‍കുന്നത്. സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശമ്പള പ്രതിസന്ധിയും തൊഴില്‍ ഭീഷണിയും നേരിടുമ്പോള്‍ യൂണിഫോമിനായി കേരളത്തിന് പുറത്തേക്ക് കരാര്‍ നല്കുന്നതില് അമര്‍ഷത്തിലാണ് ജീവനക്കാര്‍.
നിലവില്‍ സ്കൂളുകള്‍ക്കുള്ള മികച്ച യൂണിഫോം തുണിത്തരങ്ങള്‍ ഹാന്‍ടെക്സും ഹാന്‍ഡ്വീവും വിതരണം ചെയ്യുന്നുണ്ട്. സി.പി.എം. ഭരിക്കുന്ന രണ്ട് കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളെ തഴഞ്ഞ് പുറംഏജന്സിയെ സമീപിച്ചതിന് പിന്നില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചനയും സംശയിക്കുന്നു.
കൈത്തറി മേഖല ഇക്കഴിഞ്ഞ ഓണക്കാലത്തുപോലും അഞ്ചുമാസത്തെ ശമ്പളക്കുടിശിക നേരിടുന്ന സാഹചര്യം കെ.എസ്.ആര്.ടി.സി. മാനേജ്മെന്റ് കണക്കിലെടുത്തില്ല.
കൈത്തറി മേഖലയുടെ വളര്‍ച്ചയ്ക്ക് വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതി പ്രഖ്യാപിക്കുമെന്ന് വ്യവസായമന്ത്രി കൈത്തറി ദിനാഘോഷവേളയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തിരിച്ചടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.