തിരുവനന്തപുരം: പൂവച്ചല്‍ പുളിങ്കോട് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുന്നു.
നിലവില്‍ നാലുസംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തുന്നത്. അതിനിടെ, പ്രതിയെക്കുറിച്ച് പോലീസിന് ചിലവിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.കാട്ടാക്കട ചിന്മയ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറി(15)നെ ഓഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പോലീസും അറിയിച്ചിരുന്നു.
വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച് മുങ്ങിയതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി.
പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ നാലുമാസം മുന്‍പ് വഴക്കുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. പ്രിയരഞ്ജന് ക്ഷേത്രമതിലിനോട് ചേര്‍ന്ന് മൂത്രമൊഴിക്കുന്നതും മദ്യപിക്കുന്നതും ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പറയുന്നത്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്.
തുടര്‍ന്ന് സൈക്കിളില്‍ കയറി പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഏതാനുംദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.
പ്രിയരഞ്ജന് മുന്‍വൈരാഗ്യമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് ആദ്യംനല്‍കിയിരുന്ന മൊഴി. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ കണ്ടതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് നാലുമാസം മുന്‍പുണ്ടായ സംഭവങ്ങളെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.