തിരുവനന്തപുരം: മണ്ണുത്തി-ഇടപ്പള്ളി, വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ എട്ടിടങ്ങളിൽ അടിപ്പാതകൾ വരുന്നു. റോഡപകടം കൂടുതലുള്ള സ്ഥലങ്ങളിലാണ് അടിപ്പാതനിർമാണം. ഇതുകൂടാതെ കാസർകോട്-തലപ്പാടി, തിരുവനന്തപുരം-കാരോട് ദേശീയപാതയിലെ നാലുസ്ഥലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്കും അംഗീകാരമായി.
തിരുവനന്തപുരത്തെ ഈഞ്ചയ്ക്കൽ മേൽപ്പാലം, ആനയറ അടിപ്പാത, തിരുവല്ലത്തെ സർവീസ് റോഡ് പാലം, പൂവ്വാറിന് സമീപം അടിപ്പാത എന്നിവയ്ക്കാണ് അനുമതിയായത്.
നിർമാണത്തിന് ദേശീയപാത അതോറിറ്റിയുടെ അംഗീകാരമായി. എല്ലാ പദ്ധതികൾക്കുമായി 560 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 12 പദ്ധതികളുടെ മൂല്യനിർണയം നടത്തിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാതാവിഭാഗത്തിന് അതോറിറ്റി നിർദേശം നൽകി.
ഇതിനുശേഷം അതോറിറ്റി നേരിട്ട് ടെൻഡർ വിളിച്ച് കരാറിൽ ഏർപ്പെടും. നിലവിൽ ചില പദ്ധതികൾ സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിൽ വിജ്ഞാപനംചെയ്തിരുന്നു. ഇത് റദ്ദാക്കാനും തീരുമാനിച്ചു.
മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകൾക്കും അനുമതി വർഷങ്ങൾക്കുമുമ്പ് കല്ലിട്ട് സർവേ നടത്തിയ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകൾക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകി. ഇവയുടെ സ്ഥലമെടുപ്പിനും നിർമാണത്തിനുമായി ഏകദേശം 2000 കോടിക്കടുത്ത് ചെലവുപ്രതീക്ഷിക്കുന്നു. ഇവിടെ ഭൂമിവില വളരെ ഉയർന്നതാണ്.
സംസ്ഥാനം എതിർപ്പുപ്രകടിപ്പിച്ചതിനാൽ ദേശീയപാതാ അതോറിറ്റിയാണ് പണം പൂർണമായും മുടക്കുക. വിശദപദ്ധതിറിപ്പോർട്ട് തയ്യാറാക്കാൻ നടപടികൾ തുടങ്ങി. അതോറിറ്റിയുടെ കീഴിൽ നാഷണൽ ഹൈവേ ഒറിജിനൽ(എൻ.എച്ച്-ഒ)) എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. അങ്കമാലി-പുളിമാത്ത് ദേശീയപാതാനിർമാണവും നടത്തുക എൻ.എച്ച്(ഒ) ആകും.
കരാർ ഒപ്പിട്ടില്ല, മൂന്നുപദ്ധതികൾ വൈകുന്നു സംസ്ഥാനം, ദേശീയപാത അതോറിറ്റിയുമായി നിർമാണക്കരാർ ഒപ്പിടാത്തതിനാൽ മൂന്നുപദ്ധതികൾ വൈകുന്നു. തിരുവനന്തപുരം റിങ് റോഡ്, എറണാകുളം ബൈപ്പാസ്, ഇടമൺ-കടമ്പാട്ടുകോണം ദേശീയപാത പദ്ധതികളാണ് വൈകുന്നത്. റിങ് റോഡ് ഒഴികെയുള്ള നിർമാണങ്ങൾക്ക് ദേശീയപാതാ അതോറിറ്റിയാണ് പൂർണമായും പണം ചെലവഴിക്കുന്നത്.
എന്നാൽ, നിർമാണവസ്തുക്കളുടെ ജി.എസ്.ടി.യും മണ്ണിന്റെയും കല്ലിന്റെയും റോയൽറ്റിയും ഒഴിവാക്കാമെന്ന് സംസ്ഥാനം വാക്കാൽ അറിയിച്ചെങ്കിലും ഇതിന്റെ ഔദ്യോഗിക അറിയിപ്പൊന്നും ദേശീയപാതാ അതോറിറ്റിക്ക് ലഭിച്ചിട്ടില്ല. ഇതിനാൽ, കരാറിൽ ഒപ്പിടാനുമാകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.