യുകെ: ഏറ്റവും പ്രമാദമായ കൊലപാതകങ്ങൾ നിരവധി, യുകെയിലെ കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി അറസ്റ്റിൽ. ഏഴ് കുരുന്നുകളുടെ ജീവന്‍ അപഹരിച്ചത് ആ പിഞ്ചു ശരീരങ്ങളിലേക്ക് വായു കയറ്റിയെന്ന് മെഡിക്കല്‍ റിപ്പോർട്ട്.
നവജാതശിശു വിഭാഗത്തിൽ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 2015 ജൂണിനും 2016 ജൂണിനും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് 33 കാരി ശിക്ഷിക്കപ്പെട്ടത്.
കൂടുതൽ കേസുകൾ ഉണ്ടാകാം അതായത് ഇവർ വർക്ക് ചെയ്‌ത യുകെ ഹോസ്പിറ്റലുകളിൽ 4000 ത്തോളം കേസുകൾ പഠന വിധേയമാക്കും. സഹപ്രവര്‍ത്തകരായ നഴ്‌സുമാരുമൊത്ത് യോര്‍ക്കിലേക്ക് ഒരു വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ലൂസിക്ക് ഒരു നവജാത ശിശുവിന്റെ ചുമതല ലഭിക്കുകയാണ്.പെട്ടെന്നായിരുന്നു ആ കുഞ്ഞ് അബോധാവസ്ഥയിലാകുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ഇടക്കിടെ നിറം മാറുന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. ഇത് അവരില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തി.
നവജാത ശിശുക്കള്‍ പോയിട്ട്, ഏതൊരു രോഗിയുടെയും രക്തത്തിലേക്ക് വായു കുത്തിവയ്ക്കുന്നത് രക്തധമനികളില്‍ തടസ്സം സൃഷ്ടിച്ച് രക്തമൊഴുക്ക് തടയുവാനും അതുവഴി ഹൃദയം നിശ്ചലമാക്കാനും കഴിയും. എത്രമാത്രം വായു വേണം എന്നതിന് കൃത്യമായ കണക്കൊന്നും ഇല്ല. എന്നാലും, ഒരു നവജാത ശിശുവിനെ കൊല്ലാന്‍ വെറും ഒരു ടീസ്പൂണില്‍ കൊള്ളാവുന്നത്ര ( 5 ml ) വായു മതി എന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുത്തിവയ്പ്പ് വഴി വായു രക്തത്തിലേക്ക് കടത്തിയേക്കാംഎന്നാണ്. അതല്ലെങ്കില്‍ ഫീഡിംഗ് ട്യൊബ് വഴി ആമാശയത്തിലേക്ക് കടത്തിയിട്ടുണ്ടാകാം. രക്ത ധമനികളില്‍ വായു കുമിളകള്‍ കയറി രക്തമൊഴുക്ക് തടയുന്ന എയര്‍ എംബോളിസം എന്ന അവസ്ഥയിൽ ചര്‍മ്മം വിളറുകയും പിങ്ക് നിറത്തിലുള്ള പാടുകള്‍ വരികയും ചെയ്യും. ലൂസിയുടെ ക്രൂരതക്കിരയായ ഏഴ് കുരുന്നുകളില്‍ അഞ്ചു പേരുടെ ദേഹത്തും നിറവ്യത്യാസവും പിങ്ക് പാടുകളും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. രക്തമൊഴുക്ക് തടയപ്പെടുന്നതോടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ ലഭിക്കാതെ വരും. ഇതു കാരണമാണ് ചര്‍മ്മം വിളറുന്നത്. നേരിട്ട് രക്തത്തിലേക്ക് വായു കടത്തിവിടുമ്പോള്‍. അരുണ രക്ത കണങ്ങള്‍ ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരികയും ഓക്‌സിജനേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതാണ് ഇടക്കിടെ പിങ്ക് പാടുകള്‍ പ്രത്യക്ഷപ്പെടാനുള്ള കാരണം. ലൂസി ലെറ്റ്ബിയുടെ ആദ്യ ഇരയുടെ കാര്യത്തില്‍ ഈ നിറമാറ്റംആ ശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
മരണ ശേഷം ഇതില്‍ രണ്ട് കുട്ടികളുടെ എക്‌സ് റേ എടുത്തപ്പോള്‍ പ്രധാന സിരകളിലും ധമനികളിലുംവായുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഫീഡിംഗ് ട്യുബ് വഴി അമിതമായി വായു അകത്തേക്ക് കയറ്റപ്പെട്ട കുട്ടികളുടെ കുഞ്ഞു വയറുകള്‍ വീര്‍ക്കുകയും ഡയഫ്രത്തെ തള്ളി ശ്വാസകോശത്തെ അമര്‍ത്തി, അതിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുകയുമായിരുന്നു. ഇങ്ങനെ ശ്വസനത്തിന് കഴിയാതെ രണ്ട് കുട്ടികള്‍ മരണമടഞ്ഞതായും വിദഗ്ധര്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, ഫീഡിംഗ് ട്യുബ് വഴി വായു കടത്തിവിട്ട ചില കുഞ്ഞുങ്ങളെ രക്ഷിക്കാനായിട്ടുണ്ട്. പക്ഷെ അവരില്‍ പലര്‍ക്കുമൊരു സാധാരണ ജീവിതം സാധ്യമല്ലാത്ത സാഹചര്യവുമാണ്. ഒരു കുട്ടിക്ക് ഇതുവഴി മസ്തിഷ്‌ക്കത്തിന് വലിയ ക്ഷതമാണ് ഏറ്റത്. ഇത്തരത്തില്‍ മരിച്ച കുട്ടികളുടെ, മരണശേഷം എടുത്ത എക്‌സ് റേയില്‍ ആമാശയത്തിനകത്ത് വലിയ തോതില്‍ വായുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ തന്നെ ലെറ്റ്ബിയുടെ മനസ്സില്‍ ഉറഞ്ഞുകൂടിയ ആഗ്രഹമായിരുന്നു നഴ്‌സ് ആകുക എന്നത്. അതിന്റെ സാക്ഷാത്ക്കാരത്തിനായി 2008ല്‍ ഹെറിഫോര്‍ഡില്‍ നിന്നും നഴ്സിംഗ് പഠിക്കാന്‍ ചെസ്റ്ററിലെത്തി. മൂന്ന് വര്‍ഷത്തെ നഴ്‌സിംഗ് കോഴ്‌സിനായിരുന്നു അവര്‍ ചേര്‍ന്നത്. 2011-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ അവര്‍ ബാന്‍ഡ് 5 നഴ്‌സ് ആയി യോഗ്യത നേടി. ബാന്‍ഡ് ഫൈവ് നഴ്സായി ജോലിക്ക് കയറിയപ്പോള്‍ മുതല്‍ കുട്ടികളെ ലാളിച്ച് കൊല്ലാന്‍ പദ്ധതിയിട്ടു.
ഏറെ വൈകാതെ, 2012-ല്‍ ലൂസി ലെറ്റ്ബി, കൗണ്ടെസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നിയോനാറ്റല്‍ യൂണിറ്റില്‍ നഴ്‌സായി ജോലിക്ക് കയറി. ആശുപത്രി വളപ്പിനകത്തു തന്നെ നഴ്‌സുമാര്‍ക്കായി ഉള്ള ആഷ് ഹൗസിലായിരുന്നു അവരുടെ താമസം.പിന്നീട് 2014-ല്‍ അവര്‍ അവിടെ നിന്നും താമസം മാറ്റി. ഒരു സഹപ്രവര്‍ത്തകയുടെ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു പിന്നീട് ലെറ്റ്ബി താമസം ആരംഭിച്ചത്. 2015 ജൂണ്‍ വരെ അവര്‍ അവിടെ താമസം തുടര്‍ന്നു.
2015 മുതല്‍ ആയിരുന്നു ലൂസിക്ക് രോഗബാധിതരായ കുട്ടികളെ നോക്കുവാനുള്ള ചുമതല ലഭിക്കുന്നത്. ഇതിനിടെ ഇടയ്‌ക്കൊക്കെ അവര്‍ ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലും ജോലിക്ക് പോകുമായിരുന്നു. പുതിയ അന്വേഷണത്തിന്റെ ഭാഗമായി ലിവര്‍പൂളിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും പോലീസ് അന്വേഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സുഹൃത്തിന്റെ ഫ്‌ളാറ്റിലെ താമസം മതിയാക്കിയ ലൂസി വീണ്ടും ആഷ് ഹൗസില്‍ താമസം ആരംഭിച്ചു., പിന്നീട് 2016-ല്‍ ആണ് അവ്ര് ചെസ്റ്റര്‍ വെസ്റ്റ്‌ബോണ്‍ റോഡിലുള്ള വീട്ടിലേക്ക് താമസം മാറ്റുന്നത്. ഈ കാലഘട്ടത്തിലാണ് ലൂസി ലെറ്റ്ബി തന്റെ കൊലപാതക പരമ്പര ആരംഭിക്കുന്നത്.
ഭൂമിയിലെത്തിയിട്ടും, ജീവിതമെന്തെന്ന് അറിയാന്‍ അനുവദിക്കാതെ ആ കുരുന്നു ജീവനുകളെ കൊന്നു തള്ളാന്‍ മാത്രം ലൂസി ലെറ്റ്ബിന് എങ്ങനെ മനസ്സു വന്നു എന്നാണ് ഇപ്പോള്‍ അവരുടെ സഹപ്രവര്‍ത്തകരും, സുഹൃത്തുക്കലും ബന്ധുക്കളും മാതാപിതാക്കളും അദ്ഭുതപ്പെടുന്നത്. മനശാസ്ത്രജ്ഞര്‍ പല കാരണങ്ങളും നിരത്തുന്നുണ്ടെങ്കിലും അതിലൊന്നും ഇത്തരമൊരു കൃത്യത്തിന് ലെറ്റ്ബിയെ പ്രേരിപ്പിച്ചത് എന്തെന്ന് പോലീസിനും കണ്ടെത്താനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.