"കനേഡിയൻ നെഹ്‌റു ട്രോഫി"ബ്രാംപ്ടൺ ബോട്ട് റേസ് 2023 ഡോ. എം എ യൂസഫ് അലി വെർച്വൽ ഫ്ലാഗ് ഓഫ് ചെയ്‌തു. വർണ്ണാഭമായ ജലഘോഷയാത്ര, ഉജ്ജ്വലമായ മത്സരങ്ങൾ എന്നിവയോടെ സംഘടിപ്പിച്ച കാർണിവൽ അന്തരീക്ഷം മന്ത്രിമാരും കോൺസുലേറ്റ് ജനറലും സർക്കാർ പ്രതിനിധികളും ബ്രാംപ്ടൺ നഗരപിതാവുമുൾപ്പെടുന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ ഇന്ത്യയുടേയും കാനഡയുടേയും ദേശീയഗാനങ്ങൾ മുഴങ്ങിയതോടെ ഔദ്യോഗിക ചടങ്ങുകൾ സമാരംഭിച്ചു. ഓർമ്മിക്കാൻ നല്ലൊരു ദിനമൊരുക്കിയ ശ്രീ കുര്യനും കൂട്ടുകാർക്കും മുഖ്യ പ്രയോജകൻ ശ്രീ മനോജ് കരാത്തക്കും ഒരായിരം നന്ദി .
ജാതി മത വർണ്ണ മതിൽകെട്ടുകൾക്കപ്പുറം മാനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ സങ്കൽപ്പമാണ് ഈ നൂറ്റാണ്ടിൽ അനുയോജ്യമെന്ന് അടിവരയിട്ടാണ് വളളംകളി സമാരംഭിച്ചത്. .പദയാത്രയിലുടനീളം ഭാരതീയനെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ , ഒരേ മനസ്സോടെ ഏവരും പങ്ക് ചേർന്നപ്പോൾ ,ഇത്തരം കാഴ്ചകകളാണ് നമ്മുടെ നാടിനാവശ്യമെന്ന് തോന്നി പോയി.
പദ യാത്ര അവസാനിച്ച പുഷ്‌പാലംകൃതമായ പ്രവേശന കവാടത്തിനിരുവശവും പങ്കായമേന്തിയ ചെറുപ്പക്കാരുടെ നീണ്ടനിരയാണ്. ഔദ്യോഗിക ചടങ്ങുകൾ വീക്ഷിക്കുന്നതിന് വേദിക്കിരുവശവുമായി തിങ്ങി നിറഞ്ഞ ജനാവലിയെ നിയന്ത്രിക്കാൻ സംഘാടകർ കിണഞ്ഞു പരിശ്രമിക്കുന്നു.
വള്ളം കളിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ആ സദസ്സ് പിരിയുമ്പോൾ മത്സര ചൂടിൽ തിളച്ചു തുടങ്ങിയിരുന്നു പ്രഫസ്സേർസ് ലേക്ക് മത്സരാരംഭത്തിന് സാക്ഷ്യം കുറിച്ച് കൊണ്ട് , എട്ട് ദിക്കും പൊട്ടുമാറുച്ചത്തിൽ ഉച്ചഭാഷിണിയിലൂടെയുള്ള തത്സമയ ദൃക്‌സാക്ഷി വിവരണത്തിന് അപ്പോഴേക്കും തൻസീർ തയ്യാറായി .
കായലോളങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിക്കുന്ന ഓരോ വള്ളത്തിലും വാനോളം പ്രതീക്ഷയർപ്പിച്ചു അക്ഷമരായി കായലോരങ്ങളിൽ നിലകൊള്ളുന്ന കാണികൾ. ഒന്നിനൊന്ന് മികച്ച 28 ടീമുകൾ മാറ്റുരക്കുകയാണ്.14 മത്സരങ്ങൾ ,ഫോട്ടോഫിനിഷുകൾ. ചില കോണുകളിൽ വിജയം കൈവരിച്ചവരുടെ ആർപ്പുവിളികൾ മുഴങ്ങുമ്പോൾ മറ്റൊരു മൂലയിൽ നിരാശകളും നെടുവീർപ്പുകളും. ഹാട്രിക് വിജയം കൈപ്പിടിയിൽ ഒതുക്കിയ ടീം ഗ്ലാഡിയേറ്റേഴ്‌സിൻറെ പെൺ കരുത്തിന് മുൻപിൽ ഒരു ബിഗ് സല്യൂട്ട്. ശ്രീ പദ്മനാഭൻറെ മണ്ണിൻറെ യശസ്സ് നിലനിർത്തിക്കൊണ്ടു രണ്ടാം വട്ടമാണ് പുരുഷ വിഭാഗത്തിൽ അനന്തപുരി ചുണ്ടൻ കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനത്ത് നിന്നും ഇക്കുറി ഗ്ലാഡിയേറ്റർസ് മെൻ രണ്ടാം സ്ഥാനത്തെത്തി.
കുറ്റമറ്റ രീതിയിൽ മത്സരങ്ങൾ നിയന്ത്രിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്ത BMS ടീമിനും വിശിഷ്യാ ബിനു ജോഷ്വാക്കും എൻറെ അഭിനന്ദനങ്ങൾ. ഒരു ചെറിയ പാളിച്ച പോലും പർവ്വതീകരിക്കപെടുന്ന ഈ കാലഘട്ടത്തിൽ ,അതിന് അവസരം നല്കാതെ മത്സരങ്ങൾ പര്യവസാനിച്ചത് കമ്മറ്റിയുടെ സമയോചിതമായ ഇടപെടലുകളോടെയെന്നത് പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം മനസ്സിലായ കാര്യമാണ് . പ്രസ്ഥാനത്തിൻറെ ഊടും പാവുമെന്നത് കയ്യും മെയ്യും മറന്ന്, ലാഭേച്ഛയില്ലാതെയുള്ള പ്രവർത്തനമാണെന്ന്
തിരിച്ചറിവുള്ള ഒരു കൂട്ടായ്‌മയുടെ വിജയമാണിത് . നാടും നാട്ടുകാരേയും വിട്ട് മറ്റൊരു മണ്ണിലെത്തിയ ഓരോ മലയാളിയും ഒരു നവ കേരളത്തെയാണ് ദർശിച്ചത് .ഇത്തരം പരിപാടികളാണ് നാടുമായി കുറച്ചു നേരത്തേക്കെങ്കിലും നമ്മളെ ബന്ധിപ്പിക്കുന്നത്.കുഞ്ഞു നാളുമുതൽ നാട്ടിൽ ആസ്വദിച്ച പലതും, വരും തലമുറയുടെ മുന്നിൽ കാഴ്ച വെയ്ക്കാൻ ഇത്തരം വേദികൾ നമുക്ക് ചുറ്റും ഇനിയും സൃഷ്ടിക്കപ്പെടട്ടെ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.