യുകെ;മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജിന് ലണ്ടനിൽ മോഷ്ടാവിന്റെ വക ഓണ സമ്മാനം. പാസ്പോർട്ടും പണവും ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു കള്ളൻ കടന്നു കളഞ്ഞു.ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്പോർട്ടുകളും പണവും നഷ്ടപ്പെട്ടു.
ജോജുവിന്റെ 2000 പൗണ്ട്, ഐൻസ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉൾപ്പടെ 15000 പൗണ്ടാണ് മോഷ്ടിക്കപ്പെട്ടത്. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഡിഫന്റർ വാഹനത്തിൽ നിന്നും മോഷണം നടന്നത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി.ഷോപ്പിങ് നടത്തുന്നതിനായി കാർ സമീപമുള്ള പേ ആൻഡ് പാർക്കിലാണ് പാർക്ക് ചെയ്തിരുന്നത്. കുറച്ചു ഷോപ്പിങ് നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദർശൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ കാറിൽ സാധനങ്ങൾ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
പണം, ഷോപ്പിങ് നടത്തിയ സാധനങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ നഷ്ടമായി. യുകെയിൽ എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉൾപ്പടെയുള്ള സിനിമ താരങ്ങൾ ഷോപ്പിങ് നടത്തുന്ന ഇടങ്ങളിൽ ഒന്നാണ് ബിസ്റ്റർ വില്ലേജ്. ഇവിടെ വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ലഭ്യമാകുന്നത്.‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടിയുമാണ് താരങ്ങൾ ലണ്ടനിൽ എത്തിയത്.ലണ്ടനിൽ പോക്കറ്റടിയും മോഷണ വാർത്തയും നിത്യസംഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ ഒരു മലയാളി താരം മോഷണത്തിന് ഇരയായിയെന്ന വാർത്ത വരുന്നത് ആദ്യമായാണ്. ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ പഴ്‌സുകളും ഫോണുകളും ബാഗുകളും മോഷണം പോകുന്നവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളായി കൂടി വരുന്നതായിട്ടാണ് പോലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് .
യുകെയിൽ പാസ്പോർട്ട് നഷ്ടപ്പെടുകയാണെങ്കിൽ അടിയന്തരമായി പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം.
ഇങ്ങനെയുള്ള സാഹചര്യത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇന്ത്യയിലേക്ക് തിരിച്ചു യാത്ര ചെയ്യുന്നതിന് എമർജൻസി പാസ്പോർട്ടിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇന്ത്യൻ എംബസിക്ക് സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇത്തരത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെയാണ് ജോജുവിന് പുതിയ പാസ്‌പോർട്ട് ലഭ്യമായത്. ജോജു, കല്യാണി എന്നിവർ ഉൾപ്പടെയുള്ളവർ നാട്ടിലേക്ക് മടങ്ങി. ചെമ്പൻ വിനോദ് സെപ്റ്റംബർ 5 ന് മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.