ബെംഗളൂരു;ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ചന്ദ്രമണ്ണിൽ ഇന്ത്യയുടെ മുദ്ര പതിപ്പിച്ചു സഞ്ചാരം തുടങ്ങി. അശോക സ്തംഭം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ ലോഗോ എന്നിവയാണ് പതിഞ്ഞത്.
ഈ മുദ്രകൾ മായാതെ അവിടെയുണ്ടാകും.ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക. ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക.ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും. ഈ ഉപകരണങ്ങൾ താമസിയാതെ പ്രവർത്തിക്കാൻ തുടങ്ങും. ലാൻഡറിലെ 3 ഉപകരണങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.
സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്.തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.
റോവറും ലാൻഡറും 2 ആഴ്ച ചന്ദ്രനിൽ പ്രവർത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകൽ. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോൾ സൗരോർജം ലഭിക്കാതാകുന്നതോടെ ലാൻഡറും റോവറും പ്രവർത്തനരഹിതമാകും. എന്നാൽ, വീണ്ടും പകൽ തുടങ്ങുമ്പോൾ ഇവ ഒരിക്കൽകൂടി പ്രവർത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.