തേനി:കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ ആടിന്റേതെന്ന് പരിശോധനയിൽ തെളിഞ്ഞു. ദുർമന്ത്രവാദ കേസിൽ മൂന്ന് പേരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദി ചമഞ്ഞ പുളിക്കീഴ് സ്വദേശി ജെയിംസ് അടക്കമുള്ളവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരേയും പിടികൂടിയിരുന്നു.
കേരളത്തിൽനിന്ന് പോയ കാറിൽ നിന്ന് ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തിൽ അടച്ചിട്ട നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മനുഷ്യന്റേതെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഇവ ആടിന്റേതാണെന്ന് തെളിഞ്ഞു. ജെയിംസ് സ്വാമി എന്ന ജെയിംസ്(55), ബാബാ ഫക്രുദ്ദീൻ ( 38), പാണ്ടി (30) എന്നിവരെയാണ് ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തത്.ദുർമന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മധുര സ്വദേശിയ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ ഇവർ തട്ടിയെടുത്തിരുന്നു. സംഘത്തിനൊപ്പമുണ്ടായിരുന്ന പരുമല നാക്കട കാട്ടിൽപറമ്പിൽ ചെല്ലപ്പനേയും (57) ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഉത്തമപാളയത്ത് വാഹനപരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, നാവ്, കരൾ എന്നിവ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിങ്, മുരുകൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കേരളത്തിൽ നിന്നും പൂജയ്ക്കു ശേഷമെത്തിച്ച മനുഷ്യന്റെ അവയവങ്ങളാണിതെന്നും ഇത് വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് കൈവരുമെന്നും ജെയിംസ് സ്വാമി പറഞ്ഞതായാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.
പരുമല സ്വദേശി ചെല്ലപ്പനാണ് പെട്ടി നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.കേരള പൊലീസിന്റെ സഹായത്തോടെ ചെല്ലപ്പനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. അതേസമയം, അറസ്റ്റിലായ ജെയിംസ് സ്വാമി നേരത്തേ കള്ളനോട്ട് കേസിലും പ്രതിയാണെന്ന് കണ്ടെത്തി. ‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’എന്നാണ് മന്ത്രവാദം ചെയ്യാനതെത്തിയവർ ഇയാളെ പരിചയപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.