മഹാരാഷ്ട്ര;ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി ജനങ്ങളിലേക്കിറങ്ങാൻ ‘ഇന്ത്യ’ പ്രതിപക്ഷ മുന്നണി കൈകോർക്കുന്നു. വരും മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത പൊതുസമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കും. ഇന്നും നാളെയുമായി ഇവിടെ ചേരുന്ന മുന്നണി കൂട്ടായ്മ ഭാവിപരിപാടികൾക്കു രൂപം നൽകും.
ഇന്നു രാത്രി നേതാക്കൾ പങ്കെടുക്കുന്ന അത്താഴവിരുന്നിൽ പ്രതിപക്ഷ യോഗത്തിന്റെ അജൻഡയ്ക്ക് അന്തിമരൂപം നൽകും. നാളെ രാവിലെ മുതൽ വൈകിട്ടു വരെയുള്ള യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ എന്നിവയടക്കം 28 കക്ഷികളിൽനിന്നായി 63 നേതാക്കൾ പങ്കെടുക്കും.
3 മാസത്തിനിടെ പ്രതിപക്ഷകക്ഷികൾ ഒത്തുചേരുന്ന മൂന്നാമത്തെ യോഗത്തിന് കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) എന്നിവയാണ് ആതിഥ്യം വഹിക്കുന്നത്. ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ മഹാരാഷ്ട്രയിലെ എൻഡിഎ കക്ഷികളായ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നിവയും ഇന്നും നാളെയും യോഗം ചേരാൻ തീരുമാനിച്ചു.
പട്ന, ബെംഗളൂരു എന്നിവിടങ്ങളിലെ യോഗങ്ങൾ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, ‘ഇന്ത്യ’ മുന്നണിയുടെ മുന്നോട്ടുള്ള വഴി തെളിക്കുകയായിരിക്കും മുംബൈ യോഗത്തിന്റെ പ്രധാന ദൗത്യം. മുന്നണിയുടെ കൺവീനറെ നാളെ പ്രഖ്യാപിച്ചേക്കും. ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയെ നിർത്തുന്നതിനാവശ്യമായ സീറ്റ് വിഭജനമെന്ന സങ്കീർണ വിഷയവും ചർച്ചയ്ക്കെടുക്കും.
യോഗത്തിൽ ഏകദേശ ധാരണ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും സീറ്റ് വിഭജനം സംസ്ഥാനങ്ങളിലാകും തീരുമാനിക്കുകയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. മുന്നണി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 11 അംഗ സമിതിക്കു രൂപം നൽകും. കോൺഗ്രസിൽനിന്നു കെ.സി.വേണുഗോപാൽ സമിതി അംഗമായേക്കും. മുന്നണിക്കായി ഡൽഹി കേന്ദ്രീകരിച്ച് ഓഫിസ് സജ്ജമാക്കുന്നതും പരിഗണനയിലുണ്ട്.
യോഗത്തിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുല്ല എന്നിവർ ഇന്നലെ മുംബൈയിലെത്തി. മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിൻ, അരവിന്ദ് കേജ്‌രിവാൾ, നിതീഷ് കുമാർ, ഹേമന്ദ് സോറൻ, നേതാക്കളായ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ,
അഖിലേഷ് യാദവ്, സീതാറാം യച്ചൂരി, ഡി.രാജ, മെഹബൂബ മുഫ്തി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി, പി.ജെ.ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, ജി.ദേവരാജൻ തുടങ്ങിയവർ ഇന്നെത്തും. യോഗത്തിൽ സ്വീകരിക്കേണ്ട പൊതുനിലപാടു തീരുമാനിക്കാൻ ഇന്നു വൈകിട്ട് അനൗദ്യോഗിക യോഗം ചേരാൻ ഇടതുകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തു മാറ്റം കൊണ്ടുവരാൻ ബദൽ ശക്തി ഉയർന്നുവരുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. കക്ഷികൾക്കിടയിൽ ഐക്യമുറപ്പാക്കാൻ യുപിഎ കാലത്തെ പൊതുമിനിമം പരിപാടിക്കു സമാനമായ ധാരണ വൈകാതെ രൂപീകരിക്കുമെന്ന് ശരത് പവാർ പറഞ്ഞു.
‘രാജ്യത്തെ രക്ഷിക്കാനാണു ഞങ്ങൾ ഒന്നിച്ചത്. ‘ഇന്ത്യ’ മുന്നണി 2 യോഗം ചേർന്നപ്പോൾതന്നെ പാചകവാതക സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ കുറച്ചു. പ്രതിപക്ഷനിര വരും നാളുകളിൽ കൂടുതൽ ശക്തിയാർജിക്കുമ്പോൾ സിലിണ്ടർ സൗജന്യമായി നൽകാൻ പോലും കേന്ദ്രം തയാറായേക്കുമെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു.
‘ബെംഗളൂരുവിൽ യോഗം ചേർന്ന 26 കക്ഷികൾ ചേർന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത് 23.04 കോടി വോട്ടുകളാണ്. ബിജെപി നേടിയത് 22.90 കോടി വോട്ടുകളും. ഒന്നിച്ചുനിന്നാൽ ഞങ്ങൾക്കാണു ശക്തിയെന്നും കോൺഗ്രസ് നേതാവ് അശോക് ചവാൻ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.