തിരുവനന്തപുരം: ഓണം ഐശ്വര്യപൂര്‍ണമാക്കാൻ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വേണ്ടതൊക്കെ ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി ഓണാശംസ സന്ദേശത്തില്‍ പറഞ്ഞു.
കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കല്പം പകര്‍ന്നു തരുന്നതിനേക്കാള്‍ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കലാണ്. ഇന്ന് കേരള സര്‍ക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കല്പമാണ്.
ആ നവകേരള സങ്കല്പമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി പുനരര്‍പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂര്‍ണ്ണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ക്ഷേമപെൻഷനുകളുടെ വിതരണം മുതല്‍ ന്യായവിലക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഉണ്ടല്ലോ, 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്നതായിരുന്നു അത്. ആഘോഷവേളയിലും അത് തന്നെ പറയട്ടെ. സര്‍ക്കാര്‍ ഒപ്പമുണ്ട്.
മാനുഷികമായ മൂല്യങ്ങള്‍ എല്ലാം മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം.
വേര്‍തിരിവുകൊണ്ടും ഭേദചിന്തകള്‍കൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണം. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ എന്ന് കൂടി കൂട്ടിച്ചേര്‍ത്താണ് മുഖ്യമന്ത്രി ആശംസാ സന്ദേശം പൂര്‍ത്തിയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.