തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാൻ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് പെരുന്നയില്‍ ചേരും.
സ്പീക്കര്‍ വിവാദ പരാമര്‍ശം പിൻവലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തില്‍ ഗണേഷ് കുമാര്‍ എടുക്കുന്ന നിലപാട് എന്താകും എന്നതും പ്രധാനമാണ്.അതേസമയം, മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തില്‍ ഒരു പാട് വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും. സ്പീക്കര്‍ക്ക് എതിരെ സ്വീകരിക്കേണ്ട നിലപാട് യുഡിഎഫ് നാളെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.
സ്പീക്കറുടെ മിത്ത് പരാമര്‍ശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കര്‍ തിരുത്തണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്.
ഈ സഭ സമ്മേളനത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ന്ന് വരാനുണ്ട്. മിത്ത് വിവാദമാണ് പ്രധാന വിഷയം. എന്നാല്‍ ഇത് സജീവമാക്കി സഭയില്‍ ഉയര്‍ത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫ് എടുത്തിട്ടില്ല. സ്പീക്കരെ പിന്തുണക്കാൻ ആണ് ഭരണ പക്ഷ നിലപാട്.
മിത്ത് വിവാദത്തില്‍ ഈ മാസം 10 ന് സഭക്ക് മുന്നില്‍ നാമജപ യാത്ര ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ നയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന് നല്കിയ റിപ്പോര്‍ട്ട്, തെരുവ് നായ ആക്രമണം റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും, മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയര്‍ത്തും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.