കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ചു നല്ലതു പറഞ്ഞതിനു മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ടതായി പരാതി. പുതുപ്പള്ളി സ്വദേശിയായ പിഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്.
13 വർഷമായി ചെയ്യുന്ന ജോലിയാണ് നഷ്ടമായത്. ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങൾ മാത്രമാണ് താൻ പറഞ്ഞതെന്നും സതിയമ്മ വ്യക്തമാക്കി.
മകൻ അപകടത്തിൽ മരിച്ച ശേഷം ഉമ്മൻ ചാണ്ടിയാണ് തങ്ങളെ സഹായിച്ചത്. ഇക്കാര്യം മാത്രമാണ് താൻ ചാനലുകളിൽ പറഞ്ഞത്. ഈ ജോലിയാണ് തങ്ങളുടെ ഏക വരുമാന മാർഗമെന്നു അവർ വ്യക്തമാക്കി.
മൃഗാശുപത്രിയിൽ താത്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ. നേരത്തെ വൈക്കത്തായിരുന്നു ജോലി. ഇതു അവസാനിച്ച ശേഷം കുടുംബശ്രീ വഴിയാണ് പുതുപ്പള്ളിയിൽ അവർ ജോലിക്ക് കയറിയത്.
സംഭവത്തിനു പിന്നാലെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രതികരണവുമായി രംഗത്തെത്തി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്നു അദ്ദേഹം ചോദിച്ചു.
അവർ ഉമ്മൻ ചാണ്ടി ചെയ്ത സഹായത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. തങ്ങൾക്കെതിരെ ആരെങ്കിലും പറഞ്ഞാൽ അവർ തങ്ങളുടെ പരിധിയിലാണെങ്കിൽ അവരെ ദ്രോഹിക്കുക എന്നതാണ് രീതിയെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു.
അതേസമയം കുടുംബശ്രീ വഴിയാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും അവരുടെ ഊഴം അവസാനിച്ചതിനാലാണ് ഒഴിവാക്കിയതെന്നും മൃഗ സംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.