കുമളി: തമിഴ്നാട് മധുരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മുല്ലപ്പെരിയാറിൽനിന്ന് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയുമായി തമിഴ്നാട് സർക്കാർ.
മുല്ലപ്പെരിയാറിൽനിന്നുള്ള ജലം സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പിൽനിന്ന് മണ്ണിനടിയിലൂടെ സ്ഥാപിക്കുന്ന കൂറ്റൻ പൈപ്പുകൾ വഴി മധുരയിലെത്തിക്കുകയാണ് ലക്ഷ്യം. 1,926 കോടി രൂപ ചെലവുവരുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പ് മുതൽ മധുരവരെ നീളുന്ന പൈപ്പുലൈനുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ലോവർ ക്യാമ്പിൽ 27 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന തടയണ നിർമാണം തകൃതിയിൽ നടക്കുന്നുണ്ട്.മുല്ലപ്പെരിയാറിൽനിന്ന് തേക്കടി ഷട്ടറിലെ തുരങ്കംവഴി സംസ്ഥാന അതിർത്തിയിലെ ഫോർബേ ഡാമിലാണ് മുല്ലപ്പെരിയാർ ജലം ആദ്യം എത്തുന്നത്. ഇവിടെനിന്ന് നാല് കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ജലം ലോവർ ക്യാമ്പിലെ പെരിയാർ പവർസ്റ്റേഷനിൽ എത്തുന്നത്.
ഇവിടെ 140 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിച്ചശേഷം ജലം കനാൽവഴി ഒഴുകി തേനി ജില്ലയിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റിയാണ് വൈഗ ഡാമിൽ സംഭരിക്കപ്പെടുന്നത്. ഇതുകൂടാതെയാണ് ഇപ്പോൾ മുല്ലപ്പെരിയാർ-മധുര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.
ലോവർ ക്യാന്പിലെ തടയണയിൽനിന്ന് 12 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പുകൾ മണ്ണിനടിയിലൂടെ സ്ഥാപിച്ചാണ് മധുരയിലേക്ക് ജലം എത്തിക്കുക. ലോവർക്യാമ്പ് മുതൽ മധുരവരെ 120 കിലോമീറ്ററിലധികം ദൂരത്തിൽ ദേശീയപാതയോരം ചേർന്നാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്.
തേനി ജില്ലയിലെ ഗൂഡല്ലൂർ, കന്പം, ഉത്തമപാളയം, ചിന്നമന്നൂർ, പുതുപ്പെട്ടി, കോട്ടൂർ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളിലൂടെ ദിണ്ടുഗൽ ജില്ലയിലെ പെപൈടിയിലെ ശുദ്ധീകരണ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ചശേഷമാകും മധുരയക്ക് വെള്ളം വിതരണം ചെയ്യുക.
പൈപ്പുകളുടെ ജോയൻറുകൾ തകരാനുള്ള സാധ്യത, ജലചോർച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി സ്റ്റീൽപൈപ്പുകളിൽ കൃത്രിമമായി മർദം പ്രയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.
ഇതിനിടെ, മധുര കുടിവെള്ളപദ്ധതി നടപ്പാകുന്നതോടെ തമിഴ്നാടിന് കൂടുതൽ ജലം ആവശ്യമായിവരുമെന്നത് തേക്കടിയിലെ ബോട്ട് സവാരിയെയും അതുവഴി വിനോദസഞ്ചാര മേഖലയെയും ബാധിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്.
വേനൽകാലത്ത് തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം ഒഴുക്കുന്നത് തടാകത്തിലെ ജലനിരപ്പ് താഴാനും ബോട്ട് സവാരി തടസ്സപ്പെടാനും ഇടയാക്കുമെന്നാണ് ആശങ്ക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.