തിരുവനന്തപുരം: അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.
അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയിൽ ഉണ്ടാകും.കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി.
സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും ജനങ്ങളോട് അഭ്യർഥിച്ചു. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി.
ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.