ഫുജൈറ: മലയാളി മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്ക് ഇടയിലാണ് തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32) കാണാതായത്.
10 വർഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന അനിൽ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളാണ്. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന അതിസാഹസിക ജോലിയിൽ സൂപ്പർവൈസറായിരുന്നു അനിൽ. അപകടം നിറഞ്ഞ ഈ ജോലിയിൽ വിദഗ്ധരായ ഡൈവർമാർക്കു മാത്രമാണ് അനുമതി ലഭിക്കുക.ഞായറാഴ്ചയാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. ഒപ്പം ജോലിക്കുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ടാണ് അനിൽ തന്നെ ജോലി ഏറ്റെടുത്തു ചെയ്തത്. നിശ്ചിത സമയത്തിനു ശേഷവും അനിൽ മുകളിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിൽ കപ്പൽ അധികൃതർ ഫുജൈറ പൊലീസിന്റെ സഹായം തേടി.
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പൊലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് തിരിച്ചിൽ നടത്തുകയാണ്.
അനിലിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടറാണ് ജീവൻ നിലനിർത്താനുള്ളത്. ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള ഏതെങ്കിലും യന്ത്രത്തിന്റെ പ്രവർത്തനം, കപ്പലിന്റെ ഉള്ളിൽ എവിടെയെങ്കിലും ശരീരം കുടുങ്ങുക, വല പോലെയുള്ള ഏതെങ്കിലും വസ്തുവിൽ പെട്ടുപോവുക തുടങ്ങിയവയാണ് ഹള്ളിൽ പതിയിരിക്കുന്ന അപകടങ്ങൾ.
ഇതിലേതെങ്കിലും ഒന്ന് അനിലിനു സംഭവിച്ചോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. റിമോർട്ട്‌ലി ഓപ്പറേറ്റഡ് അണ്ടർവാട്ടർ വെഹിക്കിൾ (ആർഒവി) എത്തിച്ചുള്ള തിരച്ചിലാണ് ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുക. ഭാര്യ ടെസിയോടും 4 വയസ്സുകാരി കുഞ്ഞിനുമൊപ്പമാണ് അനിൽ ഫുജൈറയിൽ താമസിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.